സൂര്യനിൽ മറഞ്ഞിരിക്കുന്ന നിരവധി രഹസ്യങ്ങളുണ്ട്. ഇവ ഓരോന്നായി ചുരുളഴിയുമ്പോൾ അത്ഭുതപ്പെടുത്തുന്ന പല കാര്യങ്ങളാണ് നാം അറിയുന്നത്. അത്തരത്തിൽ സൂര്യനിലെ പായൽ പ്രദേശം അതിന്റെ താഴ്ഭാഗത്തുള്ള അന്തരീക്ഷ പാളികളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അത് അവിടുത്തെ താപനിലയിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും നടത്തിയ പഠനങ്ങളാണ് ഇപ്പോൾ ഗവേഷക ലോകം വിശദീകരിക്കുന്നത്. എന്നാൽ ഈ പഠനത്തിനായി നാസയിലെ ടീമിനെ നയിച്ചതാകട്ടെ ഒരു ഇന്ത്യൻ വംശജനും. ബംഗാൾ സ്വദേശിയായ സൗവിക് ബോസാണ് ഈ പഠനത്തിന് നേതൃത്വം നൽകിയത്.
നാസയുടെ ഹൈ റെസല്യൂഷൻ കൊറോണർ ഇമേജർ സൗണ്ടിംഗ് റോക്കറ്റ്, നാസയുടെ ഇന്റർഫേസ് റീജിയൺ ഇമേജിംഗ് സ്‌പെക്‌ട്രോഗ്രാഫ് തുടങ്ങിയ സംവിധാനങ്ങളിൽ നിന്ന് ശേഖരിച്ച ഡാറ്റകളുടെ അടിസ്ഥാനത്തിൽ നടത്തിയ പഠനത്തിൽ സൂര്യന്റെ പ്രതലത്തിലെ കാന്തികബലരേഖകൾക്കിടയിലുള്ള വൈദ്യുത പ്രവാഹമാണ് തിളക്കമാർന്ന പായൽ പാടുകൾക്ക് കാരണമെന്ന് ഗവേഷകർ കണ്ടെത്തുകയായിരുന്നു.
1999ലാണ് നാസയുടെ ‘ട്രേസ് പേടകം’ സൂര്യനിലെ തിളക്കമാർന്ന പാടുകൾ കണ്ടെത്തിയത്. എന്നാൽ ഈ തിളക്കത്തിന് കാരണമെന്തെന്ന് അന്വേഷിക്കാനായി നടത്തിയ പഠനമാണ് പിന്നീട് ഇതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന വൈദ്യുതപ്രവാഹത്തിന്റെ രഹസ്യത്തിലേക്കെത്തിച്ചത്. ഇതിനുപുറമെ സൂര്യന്റെ ബാഹ്യാന്തരീക്ഷമായ കൊറോണയിലെ താപനില, സൗരപ്രതലത്തിനെ അപേക്ഷിച്ച് നൂറ് മടങ്ങ് കൂടുതലാണെന്നും പഠനത്തിൽ നിന്ന് കണ്ടെത്തി. സൗരഘടനയിലെ താപകൈമാറ്റത്തെ സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതായിരുന്നു പുതിയ പഠനങ്ങളിലെ കണ്ടെത്തലുകളെന്ന് ശാസ്ത്രലോകം വ്യക്തമാക്കി.















