ന്യൂഡൽഹി: സമരം അവസാനിപ്പിച്ച് ജോലിക്ക് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരെ ചതിച്ച് സോഫ്റ്റ് വെയർ. ജോലിയിലേക്ക് മടങ്ങിയെത്തിയ ജീവനക്കാർക്ക് ഓൺ ഡ്യൂട്ടിക്ക് പകരം സിക്ക് ലീവ് ആണ് സോഫ്റ്റ് വെയർ രേഖപ്പെടുത്തിയത്. യാത്രക്കാരെ വലച്ച പൊടുന്നനെയുളള പണിമുടക്കിന് ശേഷം ജോലിക്കെത്തിയ ക്യാബിൻ ക്രൂ ജീവനക്കാരോടാണ് കമ്പനിയുടെ സോഫ്റ്റ് വെയറും പിണങ്ങിയത്.
അടുത്തിടെ കമ്പനിയിൽ ഉപയോഗിച്ച് തുടങ്ങിയ സോഫ്റ്റ് വെയറാണ് പണി പറ്റിച്ചതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂണിയൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ശമ്പളവും മറ്റ് ആനുകൂല്യങ്ങളിലും മാനേജ്മെന്റുമായുളള അഭിപ്രായ ഭിന്നതയെ തുടർന്നാണ് മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസിലെ ക്യാബിൻ ക്രൂ ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്ത് മുങ്ങിയത്.
കേരളത്തിൽ നിന്നുളള പ്രവാസികൾ അടക്കം സമരത്തിൽ വലഞ്ഞു. വീസ കാലാവധി തീരുന്ന ദിവസം വിദേശത്തേക്ക് തിരിച്ചെത്താൻ ഇറങ്ങിയ പലർക്കും സമരം കാരണം യാത്ര മുടക്കേണ്ട സ്ഥിതി വന്നു. എല്ലാ സർവ്വീസുകളും മുടങ്ങിയതോടെ വ്യോമയാന ഡയറക്ടറേറ്റും വിഷയത്തിൽ ഇടപെട്ടു. ഒടുവിൽ ഡൽഹിയിൽ ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
അനുമതിയില്ലാതെ ഡ്യൂട്ടിക്ക് വരാതിരുന്ന ജീവനക്കാർക്കെതിരെ മാനേജ്മെന്റ് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരുന്നെങ്കിലും ഒത്തുതീർപ്പിന്റെ ഭാഗമായി ഇത് പിൻവലിച്ചു. മറ്റ് പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കാൻ നടപടി സ്വീകരിക്കാനും ധാരണയായി.
ക്യാബിൻ ക്രൂ ജീവനക്കാരെല്ലാം ഇന്ന് ജോലിക്ക് ഹാജരായെന്നും അവരുടെ ഭാഗത്ത് നിന്നും സർവ്വീസിന് തടസമായതൊന്നും ഇന്ന് സംഭവിച്ചിട്ടില്ലെന്നും എയർ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂണിയൻ അറിയിച്ചു. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടുകളിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും യൂണിയൻ വ്യക്തമാക്കി.
സർവ്വീസുകൾ ഏറെക്കുറെ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും പൂർണതോതിൽ ആയി വരാൻ ചൊവ്വാഴ്ചയെങ്കിലും എടുക്കുമെന്നാണ് റിപ്പോർട്ടുകൾ.