പത്തനംതിട്ട: അമേരിക്കയിലെ ഷിപ്പിംഗ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ പ്രതി പിടിയിൽ. മഹാരാഷ്‌ട്രയിലെ നല്ലസോപ്പാറ സ്വദേശിയായ രമേശ് നവരങ്ക് യാദവാണ് പിടിയിലായത്. ആറന്മുള സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം ക്രൈം ബ്രാഞ്ച് മഹാരാഷ്‌ട്രയിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
ജോലി തേടി യുവതി നൗക്കരിയിൽ പേരും വിവരങ്ങളും രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അമേരിക്കയിലെ ഷിപ്പിംഗ് കമ്പനിയിൽ ജോലി ശരിപ്പെടുത്തി തരാമെന്ന് പറഞ്ഞ് ഇയാൾ വിവിധ നമ്പറുകളിൽ നിന്നായി യുവതിയെ വിളിച്ചു. തുടർന്ന് ഇയാൾ ആവശ്യപ്പെട്ടത് പ്രകാരം യുവതി അക്കൗണ്ടിലേക്ക് പണവും അയച്ചിരുന്നു. എന്നാൽ പിന്നീട് ഇയാളുടെ വിവരം ഒന്നും ലഭിക്കാതെ വന്നപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടുവെന്ന് യുവതിക്ക് മനസിലായത്. ഇതോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
മുംബൈയിലെ വിരാർ വസായി, പെൽഹാർ എന്ന സ്ഥലങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് കീഴടക്കിയത്. ഇയാളെ വസായി കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങി കേരളത്തിൽ എത്തിച്ച് റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു. ജോലി വാഗ്ദാനം നൽകി പണം തട്ടുന്ന കേസിലെ പ്രധാനിയാണ് ഇയാളെന്നും കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.















