ന്യൂഡൽഹി: വീണ്ടും അധികാരത്തിലെത്തിയാൽ നടപ്പിലാക്കേണ്ട 100 ദിന കർമ്മ പരിപാടികൾക്ക് അണിയറ ഒരുക്കങ്ങളുമായി നരേന്ദ്രമോദി സർക്കാർ. ലോക്‌സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കവേ എൻഡിഎയ്‌ക്കും മോദിക്കും അനുകൂല തരംഗമാണ് എവിടെയും ദൃശ്യമാകുന്നത്. ഈ സാഹചര്യത്തിലാണ് അധികാരത്തിലെത്തിയാൽ ഉടൻ നടപ്പിലാക്കേണ്ട 100 ദിന കർമ്മ പരിപാടികൾക്ക് അന്തിമ രൂപം നൽകുന്നത്.
വിവിധ മന്ത്രാലയങ്ങളെ കൂട്ടിയിണക്കിയാണ് ഇതിനുള്ള ഒരുക്കങ്ങൾ നടത്തുന്നത്. സെക്രട്ടറിമാരുടെ നേതൃത്വത്തിൽ 10 സംഘങ്ങളായി തിരിഞ്ഞ് ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. കൃഷി, ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ സുപ്രധാന മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർ സംഘങ്ങളിൽ ഉൾപ്പെടും. പുതിയ സർക്കാരിന് നടപ്പാക്കാനുളള അജൻഡയാണ് ഇവർ മുൻഗണനാ ക്രമത്തിൽ മുന്നോട്ടുവെയ്‌ക്കുക.
മൂന്നാം തവണയും സർക്കാർ രൂപീകരിക്കുമെന്നും രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനായി വലിയ തീരുമാനങ്ങൾ എടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസങ്ങളിൽ ആവർത്തിച്ചിരുന്നു. വമ്പൻ മാറ്റങ്ങളെക്കാൾ ഉപരി സാധാരണക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്ന പദ്ധതികൾക്കാകും 100 ദിന കർമ്മ പരിപാടിയിൽ ഊന്നൽ നൽകുക.
മൊത്തം ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ചയാണ്. 96 മണ്ഡലങ്ങളിൽ നിന്നായി 1,717 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ആന്ധ്രാപ്രദേശിലെ 25 സീറ്റുകളിലേക്കും തെലങ്കാനയിലെ 17 മണ്ഡലങ്ങളിലേക്കും ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. ഉത്തർപ്രദേശിൽ 13, മഹാരാഷ്‌ട്രയിൽ 11, പശ്ചിമ ബംഗാളിൽ 8, മധ്യപ്രദേശിൽ 8, ബീഹാറിൽ 5, ജാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിൽ 4 വീതവും ജമ്മു കശ്മീരിലെ ഒരു സീറ്റിലും വോട്ടെടുപ്പ് നടക്കും.















