ചെന്നൈ : തനിക്കെതിരെ പുതിയ കേസ് നടപടികളുമായി മുന്നോട്ടു പോകാനുള്ള ഡി എം കെ സർക്കാരിന്റെ നീക്കത്തിനെതിരെ കടുത്തഭാഷയിൽ പ്രതികരിച്ച് തമിഴ് നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈ.
സനാതന ധർമ്മത്തെ നശിപ്പിക്കുമെന്ന മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രകോപനപരമായ പ്രസംഗത്തെ തുടർന്ന് ,അതിനെ അനുകൂലിച്ച് ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ച തമിഴ്നാട് ഹിന്ദുമത- ചാരിറ്റബിൾ എൻഡോവ്മെന്റ് മന്ത്രി പി.കെ ശേഖർ ബാബു രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് 2023 സെപ്റ്റംബർ 11ന് ബിജെപിയുടെ നേതൃത്വത്തിൽ ചെന്നൈയിൽ പ്രകടനം നടന്നിരുന്നു. ആ സമ്മേളനത്തിൽ വെച്ച് കെ അണ്ണാമലൈ നടത്തിയ പരാമര്ശമാണ് ഇപ്പോഴത്തെ കേസിന് കാരണമായി പറയുന്നത്.
അണ്ണാമലൈയുടെ അന്നത്തെ പ്രസംഗം ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കുന്നതാണെന്നും അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സേലം സ്വദേശിയായ വി പിയൂഷ് എന്നൊരാൾ സേലം ജില്ലാ കളക്ടർക്ക് നിവേദനം നൽകി. ഇതുമായി ബന്ധപ്പെട്ട് അണ്ണാമലൈക്കെതിരെ കേസെടുക്കാൻ ജില്ലാ കളക്ടർ തമിഴ്നാട് സർക്കാരിനോട് അനുമതി തേടിയിരുന്നു. അതിനാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്.
ഗവർണർ അനുമതി നൽകിയതിന് ശേഷം രജിസ്റ്റർ ചെയ്ത കേസിന്റെ വിശദാംശങ്ങൾ അണ്ണാമലൈ ഇന്ന് തന്റെ എക്സ് സൈറ്റിൽ പോസ്റ്റ് ചെയ്തു.
”ഡിഎംകെ സർക്കാർ കഴിഞ്ഞ 3 വർഷത്തിനിടയിൽ സത്യം പറഞ്ഞതിന് എനിക്കും ബിജെപി പ്രവർത്തകർക്കുമെതിരെ നിരവധി കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്, അടുത്തിടെ എന്നെ വീണ്ടും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി.
പണ്ട് നടന്ന ഒരു സംഭവം ഓർമ്മിപ്പിച്ചതിന് കേസെടുത്തതും മയക്കുമരുന്ന് കച്ചവടക്കാർക്ക് പാർട്ടി പദവി നൽകിയതും തമിഴ്നാട്ടിലെ ഈ ഡിഎംകെ സർക്കാരിന്റെ യഥാർത്ഥ മുഖം പ്രതിഫലിപ്പിക്കുന്നു.
1956-ൽ പശുംപൊൻ മുത്തുരാമലിംഗ തേവർ പറഞ്ഞ കാര്യങ്ങൾ ജനങ്ങളുടെ ഓർമ്മകളിലേക്ക് തിരിച്ചു കൊണ്ടുവന്ന ഡിഎംകെ സർക്കാരിന് ആത്മാർത്ഥമായ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ഡിഎംകെ സർക്കാരിനുള്ള ഞങ്ങളുടെ സന്ദേശം ഇതാണ് : സത്യം തുറന്നുകാട്ടുന്നത് തടയാൻ നിങ്ങൾക്ക് കഴിയില്ല. നിങ്ങൾക്ക് ആവശ്യമുള്ളത്ര കേസുകൾ ഫയൽ ചെയ്യുക!”
തനിക്കെതിരെ എടുത്ത കേസിന്റെ വിശദ വിവരങ്ങളോടൊപ്പം അണ്ണാമലൈ എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പാണിത്.
1956-ൽ മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നടന്ന തമിഴ് സമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി അണ്ണാദുരൈ ഹിന്ദു വിശ്വാസത്തെ പരിഹസിച്ച സംഭവമാണ് കെ അണ്ണാമലൈ വിവാദ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചത്. ഇതിൽ സ്വാതന്ത്ര്യ സമര സേനാനി മുത്തുരാമലിംഗ തേവർ രോഷാകുലനായി പ്രതികരിച്ചു. “അണ്ണാദുരൈയെ പോലുള്ള അവിശ്വാസികൾ ഹിന്ദു ദൈവങ്ങളെക്കുറിച്ച് മോശമായി പറഞ്ഞാൽ മധുരൈ മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ പാൽ അഭിഷേകത്തിന് പകരം രക്താഭിഷേകം നടത്തുമെന്ന” മുത്തുരാമലിംഗ തേവരുടെ പ്രസ്താവന എടുത്ത് പറഞ്ഞതാണ് ഇപ്പോഴത്തെ കേസിന് ആധാരം.