തിരുവനന്തപുരം: ട്രെയിനിൽ വീണ്ടും ടിടിഇക്ക് നേരെ മർദ്ദനം. മംഗലാപുരം- തിരുവനന്തപുരം മാവേലി എക്‌സ്പ്രസിലെ ടിടിഇയായ വിക്രം കുമാർ മീണയ്‌ക്കാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രി തിരൂരിനടുത്ത് വച്ചാണ് ആക്രമണമുണ്ടായത്. ടിക്കറ്റ് ഇല്ലാതെ റിസർവേഷൻ കംപാർട്ട്‌മെന്റിൽ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനാണ് ഇയാൾ തന്നെ ആക്രമിച്ചതെന്ന് ടിടിഇ പറഞ്ഞു.
സംഭവത്തിൽ തിരുവനന്തപുരം കളിയിക്കാവിള സ്വദേശി സ്റ്റാൻലിൻ ബോസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ടിക്കറ്റ് ഇല്ലാതെ റിസർവേഷൻ കംപാർട്ട്‌മെന്റിൽ യാത്ര ചെയ്യാൻ സാധിക്കില്ലെന്നും അടുത്ത സ്റ്റോപ്പിൽ ഇറങ്ങി ജനറൽ കംപാർട്ട്‌മെന്റിൽ കയറണമെന്നും പറഞ്ഞതിനെ തുടർന്നുണ്ടായ തർക്കമാണ് ടിടിഇയെ മർദ്ദിക്കുന്നതിലേക്ക് വഴി വച്ചത്. ആക്രമണത്തിൽ മൂക്കിനും മുഖത്തും പരിക്കേറ്റ ടിടിഇയെ ഷെർണൂർ റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.















