ജയ്പൂർ: രാജസ്ഥാനിലെ നാല് സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ജയ്പൂരിലെ സ്‌കൂളുകളിലേക്കാണ് ഇ-മെയിൽ വഴി ഭീഷണി സന്ദേശം എത്തിയത്. ഇതേത്തുടർന്ന് ബോംബ് സ്‌ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണെന്നും സ്‌കൂളിൽ നിന്ന് വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ഒഴിപ്പിച്ചതായും അധികൃതർ പറഞ്ഞു.
ഇ-മെയിലിന്റെ ഐപി വിലാസം കണ്ടെത്തി സന്ദേശം അയച്ചതാരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനായി സൈബർ പൊലീസിന് വേണ്ട നിർദേശങ്ങൾ കൈമാറിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കെട്ടിടത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നും ഇത് മൂന്നുമണിക്കൂറിനുള്ളിൽ പൊട്ടിത്തെറിക്കുമെന്നുമാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. ഉടനെ കണ്ടെത്തി നിർവീര്യമാക്കിയില്ലെങ്കിൽ നിഷ്‌കളങ്കരായ ആളുകളുടെ രക്തം നിങ്ങളുടെ കൈകളിലേക്ക് തെറിക്കുമെന്നും സന്ദേശത്തിൽ പറയുന്നു.വിപിഎൻ ഉപയോഗിച്ചോ പ്രോക്സി സർവറിലൂടെയോ ആണ് സന്ദശേങ്ങൾ അയച്ചിരിക്കുന്നതെന്നും അതുകൊണ്ടു തന്നെ ഐപി മേൽവിലാസങ്ങൾ കണ്ടെത്താനാകുന്നില്ലെന്നും പൊലീസ് പറഞ്ഞു. നിലവിൽ സംശയാസ്പദമായ വസ്തുക്കളൊന്നും സ്‌കൂളുകളിൽ നിന്ന് കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയച്ചു. പരിശോധന തുടരുകയാണ്.
കഴിഞ്ഞ ദിവസം ഡൽഹിയിലെ ആശുപത്രികൾക്ക് നേരെയും സ്‌കൂളുകൾക്ക് നേരെയും സമാനമായ രീതിയിൽ ബോംബ് ഭീഷണിയുണ്ടായിരുന്നു. ഇതേത്തുടർന്ന് പ്രദേശത്ത് വ്യാപക പരിശോധന നടത്തിയെങ്കിലും ബോംബുകൾ കണ്ടെത്താനായില്ല. രണ്ട് ആശുപത്രികളുടെ വളപ്പിൽ ബോംബ് വച്ചിട്ടുണ്ടെന്നും ഇത് ഉടനടി പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പുകൾക്കിടെയാണ് നിരന്തരമായി ഇത്തരം ഭീഷണികൾ എത്തുന്നത്. അതുകൊണ്ടു തന്നെ സുരക്ഷാ ഏജൻസികളും ഇതിനെ ഗൗരവത്തോടെയാണ് കാണുന്നത്.















