ജക്കാർത്ത : ഇന്തോനേഷ്യയിലെ സുബാംഗിൽ ബസ് തകർന്ന് 11 പേർ കൊല്ലപ്പെട്ടു. വിദ്യാർത്ഥികളും അധ്യാപകരും സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്
ബന്ദൂങ്ങിലെ മലയോര പ്രദേശത്ത് നിന്ന് വെസ്റ്റ് ജാവയിലേക്ക് പോകുമ്പോൾ പ്രാദേശിക സമയം വൈകുന്നേരം 6.45 നാണ് അപകടമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. അപകടകാരണം ഇപ്പോഴും അന്വേഷിച്ചുവരികയാണ്. റോഡിലെ ഇറക്കത്തിൽ ബസ് നിയന്ത്രണം വിട്ട് ഒന്നിലധികം വാഹനങ്ങളിൽ ഇടിക്കുകയായിരുന്നുവെന്ന് വെസ്റ്റ് ജാവ പോലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ബസിന്റെ ബ്രേക്കിന് തകരാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
61 യാത്രക്കാരാണ് ബസിലുണ്ടായിരുന്നതെന്നും ഒമ്പത് പേർ അപകടസ്ഥലത്ത് വച്ചും രണ്ട് പേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. മരിച്ചവരിൽ നിരവധി വിദ്യാർത്ഥികളും ഒരു അദ്ധ്യാപകനും ഒരു മോട്ടോർ സൈക്കിൾ യാത്രക്കാരനും ഉൾപ്പെടുന്നു. നിരവധി പേർക്ക് പരിക്കേറ്റു, ചികിത്സയ്‌ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ചിലരുടെ നില ഗുരുതരമാണ്.















