പാട്ന: ഗുരുദ്വാരയിൽ വിശ്വാസികൾക്ക് ഭക്ഷണം വിളമ്പി പ്രധാനമന്ത്രി നരേന്ദ്രമോദി. തഖ്ത് ശ്രീ ഹരിമന്ദിർ ജി പാട്ന സാഹിബ് ഗുരുദ്വാരയിലായിരുന്നു പ്രധാനമന്ത്രിയുടെ സേവനം. പുലർച്ചെ ഗുരുദ്വാരയിലെത്തിയ പ്രധാനമന്ത്രി പ്രാർത്ഥനകൾക്ക് ശേഷം സ്വയം ഭക്ഷണം ഉണ്ടാക്കാനും അത് വിളമ്പാനും സമയം കണ്ടെത്തുകയായിരുന്നു.

ഗുരുദ്വാരയിലെ പാചകത്തൊഴിലാളികളെ പ്രധാനമന്ത്രി സഹായിക്കുന്നതിന്റെ ദൃശ്യങ്ങളും ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. തലയിൽ സിഖ് തലപ്പാവ് അണിഞ്ഞാണ് പ്രധാനമന്ത്രി ഗുരുദ്വാരയിലെത്തിയത്. കറികളും റൊട്ടിയുമൊക്കെ ഉണ്ടാക്കാൻ സഹായിക്കുന്ന പ്രധാനമന്ത്രിയുടെ ഫോട്ടോകളും വീഡിയോകളുമൊക്കെ സമൂഹമാദ്ധ്യമങ്ങളിൽ സജീവമായിക്കഴിഞ്ഞു.

ഗുരുദ്വാരകളിൽ പ്രാർത്ഥനയ്‌ക്കൊപ്പം തന്നെ പ്രധാനമാണ് സേവന കർമ്മങ്ങളും. ഇവിടെയെത്തുന്ന സിഖ് വിശ്വാസികൾ സമ്പന്നനെന്നോ സാധാരണക്കാരനെന്നോ വേർതിരിവില്ലാതെ ഇത്തരം സേവന പ്രവർത്തനങ്ങളിലേർപ്പെടാറുണ്ട്. സാധാരണ സിഖ് വിശ്വാസികളെപ്പോലെയായിരുന്നു പ്രധാനമന്ത്രിയും ഈ സേവനത്തിൽ പങ്കാളിയായത്.

പത്താമത്തെ ഗുരുവായ ഗോവിന്ദ് സിംഗിന്റെ ജന്മസ്ഥലമെന്ന നിലയിലാണ് തഖത് ശ്രീ പാട്‌ന സാഹിബ് ഗുരുദ്വാര അറിയപ്പെടുന്നത്. ഇവിടെയെത്തിയ പ്രധാനമന്ത്രി വിശ്വാസികളുമായി സംവദിക്കുകയും പ്രാർത്ഥനകളിൽ പങ്കെടുക്കുകയും ചെയ്തു. വിശ്വാസികൾക്ക് ബുദ്ധിമുട്ടുകൾ വരാതിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇന്നലെ പട്‌നയിലെത്തിയ പ്രധാനമന്ത്രി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം റോഡ്‌ഷോയിലും പങ്കെടുത്തു.















