മലപ്പുറം: പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പൽ ഇടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തമാകാതെ ഇസ്ലാഹ് ബോട്ടിലെ മത്സ്യത്തൊഴിലാളികൾ. ബോട്ടിൽ ഇടിക്കാതെ കപ്പൽ ഒഴിവായി പോകുമെന്നാണ് കരുതിയതെന്ന് തൊഴിലാളികൾ പറയുന്നു.
ചാവക്കാട് തീരത്ത് നിന്ന് 14 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. കപ്പൽ ഇടിച്ചതിന് പിന്നാലെ ബോട്ട് രണ്ടായി പിളർന്നു. അമരം കപ്പലിനടിയിലേക്ക് പതിച്ചു. ബാക്കിയുള്ള ഭാഗം തലകീഴായി മറിഞ്ഞു. ഒരാൾ ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണു. എന്തോ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. ആയുസ് ചുരുങ്ങിയിട്ടില്ലാത്തത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികളിൽ ഒരാൾ പറയുന്നു.
ബോട്ട് മറിഞ്ഞതിന് പിന്നാലെ സ്റ്റോറിന്റെ തെർമോക്കോളിലാണ് പിടുത്തം കിട്ടിയത്. മൂന്ന് പേർക്ക് ഇതിൽ പിടിക്കാൻ സാധിച്ചു. എന്നാൽ മൻസൂറിന് രക്ഷപ്പെടാൻ സാധിച്ചില്ല. നീന്താനാവാതെ മൻസൂർ വിളിക്കുന്നത് കേൾക്കാമായിരുന്നു. ശ്വാസം കിട്ടാതെ അവശരായതിനാൽ എത്താൻ സാധിച്ചില്ലെന്നും അവർ പറഞ്ഞു. രക്ഷയ്‌ക്കായി വിസിലടിക്കുകയും കരയുകയും ചെയ്തെങ്കിലും ആരും കേട്ടില്ല. സമീപത്ത് കൂടി മറ്റൊരു ബോട്ട് പോയെങ്കിലും കപ്പലിന്റെ ശബ്ദം കാരണം അവരും തിരിച്ചറിഞ്ഞില്ല.
അപകടം തിരിച്ചറിഞ്ഞ് 200 മീറ്റർ സഞ്ചരിച്ചതിന് ശേഷം കപ്പൽ തിരികെ എത്തി. വസ്ത്രവും മറ്റ് അവശ്യ സഹായവും ചെയ്ത് നൽകിയെന്നും തൊഴിലാളികൾ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന രണ്ട് പേരുടെ ജീവൻ പൊലിഞ്ഞത് ഇവരുടെ കൺമുന്നിലാണെന്നതാണ് ഇവരെ ദുഃഖിപ്പിക്കുന്ന പ്രധാന കാര്യം.
തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം. മീൻ പിടിക്കുന്നതിനിടെയാണ് കപ്പൽ ബോട്ടിലിടിച്ചത്. പൊന്നാനി സ്വദേശികളായ ഗഫൂർ, അബ്ദുൾ സലാം എന്നിവരാണ് മരിച്ചത്. സാഗർ യുവരാജ് കപ്പലുമായാണ് ബോട്ട് കൂട്ടിയിടിച്ചത്. കൊച്ചിയിൽ നിന്ന് ചരക്കെടുക്കാനായി കോഴിക്കോട് പോകുന്നതിനിടെയിലാണ് അപകടം.















