ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂടേറിയ നാലാംഘട്ട വോട്ടെടുപ്പ് ഹൈദരാബാദിൽ പുരോഗമിക്കുമ്പോൾ തിരക്കുകൾ മാറ്റിവെച്ച് വോട്ട് ചെയ്യാനെത്തി സൂപ്പർഹിറ്റ് സംവിധായകൻ രാജമൗലിയും കുടുംബവും. വിദേശത്ത് നിന്നാണ് രാജമൗലിയും ഭാര്യ രമാ രാജമൗലിയും വോട്ട് ചെയ്യാനായി ഇന്ത്യയിൽ എത്തിയത്. വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കൂടിയാണ് രാജമൗലിയും കുടുംബവും ഓർമ്മിപ്പിക്കുന്നത്.
വോട്ട് ചെയ്യുന്നതിനുമാത്രമായി ദുബായിൽ നിന്ന് പറന്നെത്തിയ സംവിധായകനും കുടുംബവും നേരെ പോയത് പോളിംഗ് ബൂത്തിലേക്കാണ്. ശേഷം മഷി പുരണ്ട വിരലുകളുടെ ചിത്രവും അദ്ദേഹം എക്‌സിലൂടെ പങ്കുവച്ചു. ” ദുബായിൽ നിന്ന് പറന്ന് നേരെ എയർപോർട്ടിലേക്ക്.. അവിടെ നിന്ന് നേരെ പോളിംഗ് ബൂത്തിലേക്ക്. അതുകൊണ്ടാണ് മുഖം അൽപം ക്ഷീണിച്ചത് പോലെ തോന്നുന്നത്. നിങ്ങൾ വോട്ട് ചെയ്തില്ലേ? എന്ന അടിക്കുറിപ്പോടെയാണ് രാജമൗലി തന്റെയും ഭാര്യയുടെയും ചിത്രം പങ്കുവച്ചത്. ദുബായിൽ ചിത്രീകരിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രീ പൊഡക്ഷൻ തിരക്കുകൾ മാറ്റി വച്ചാണ് അദ്ദേഹം വോട്ട് ചെയ്യുന്നതിനായി ഹൈദരാബാദിലെത്തിയത്.
സംഗീത സംവിധായകൻ എംഎം കീരവാണിയും ഐക്കൺ സ്റ്റാർ അല്ലു അർജ്ജുനും ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള പോളിംഗ് സ്‌റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ 7 മണിയോടെയാണ് നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചത്. വൈകിട്ട് 6 മണിവരെ ജനങ്ങൾക്ക് ചെയ്യാനുള്ള അവസരമുണ്ട്.















