ബിർഭൂം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാലാം ഘട്ടത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ബംഗാളിൽ അക്രമം അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ്. ദുർഗാപൂരിൽ ബിജെപി പ്രവർത്തകരുമായി തൃണമൂൽ കോൺഗ്രസ് ഗുണ്ടകൾ
ഏറ്റുമുട്ടി.
പോളിംഗ് ബൂത്തിന് പുറത്തുളള ബിജെപിയുടെ സ്റ്റാൾ തൃണമൂൽ ഗുണ്ടകൾ
നശിപ്പിച്ചതായി ബിജെപി ആരോപിച്ചു. ടാർപാളിൻ കെട്ടിയ പോളിംഗ് ബൂത്ത് തകർന്നുകിടക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ദുർഗാപൂരിലെ ടിഎൻ സ്‌കൂളിൽ പ്രവർത്തിച്ച ബൂത്തിൽ നിന്ന് പാർട്ടിയുടെ പോളിംഗ് ബൂത്ത് ഏജന്റുമാരെ തൃണമൂൽ ഗുണ്ടകൾ ഇറക്കിവിട്ടുവെന്നും ബിജെപി എംഎൽഎ ലക്ഷ്മൺ ഗോരു ആരോപിച്ചു. മൂന്നോ നാലോ ബൂത്തുകളിൽ സമാനമായ സാഹചര്യം ഉണ്ടായതായും അദ്ദേഹം പറഞ്ഞു.
ജില്ലാ അധികാരികളെ സഹായത്തിന് വിളിച്ചിട്ടും പ്രതകരിച്ചില്ലെന്നും മാദ്ധ്യമപ്രവർത്തകർ സ്ഥലത്തെത്തിയ ശേഷം മാത്രമാണ് ഉദ്യോഗസ്ഥർ എത്തിയതെന്നും ബിജെപി എംഎൽഎ ചൂണ്ടിക്കാട്ടി. ദിലീപ് ഘോഷ് ആണ് ബർദ്ദമാൻ – ദുർഗാപൂർ ലോക്‌സഭാ മണ്ഡലത്തിൽ ബിജെപിയുടെ സ്ഥാനാർത്ഥി.















