കോഴിക്കോട്: ഭർതൃവീട്ടിൽ ക്രൂരപീഡനം നേരിട്ടതായി ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്ത്. കോഴിക്കോട് പന്തീരങ്കാവ് വള്ളിക്കുന്ന് സ്‌നേഹതീരത്തിൽ രാഹുലിനെതിരെ ആണ് പരാതി. മെയ് അഞ്ചിനായിരുന്നു രാഹുലും എറണാകുളം പറവൂർ സ്വദേശിനിയായ പെൺകുട്ടിയും തമ്മിലുളള വിവാഹം.
എന്നാൽ ഒരാഴ്ച തികയും മുൻപേ പെൺകുട്ടിയെ യുവാവ് ക്രൂരമായ ഗാർഹിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. കൊടിയ ശാരീരിക പീഡനമാണ് ഭർത്താവിൽ നിന്ന് നേരിട്ടതെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നു.
ചാർജറിന്റെ കേബിൾ ഉപയോഗിച്ച് കഴുത്തിന് മുറുക്കുകയും ബെൽറ്റ് വെച്ച് മർദ്ദിക്കുകയും ചെയ്തതായി പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. വിവാഹത്തിനുശേഷം ഒരാഴ്‌ച്ച കഴിഞ്ഞ് രാഹുലിന്റെ വീട്ടിലെത്തിയ യുവതിയുടെ ബന്ധുക്കൾ യുവതിയുടെ മുഖത്തും കഴുത്തിലുമായി മർദിച്ച പാടുകൾ കാണുകയായിരുന്നു.
തുടർന്ന് അന്വേഷിച്ചപ്പോഴാണ് പ്രശ്‌നങ്ങൾ അറിഞ്ഞത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പന്തീരാങ്കാവ് പോലീസ് രാഹുലിനെതിരെ ഗാർഹികപീഡനത്തിന് കേസെടുത്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ യുവതി ഇപ്പോൾ പറവൂർ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.















