ജക്കാർത്ത: ഇന്തോനേഷ്യയിലെ ഇബു (Mt. Ibu) അഗ്നിപർവ്വതം തിങ്കളാഴ്ച രാവിലെ പൊട്ടിത്തെറിച്ചു.
വിദൂര ദ്വീപായ ഹൽമഹേരയിലെ ഈ അഗ്നിപർവ്വതം രാവിലെ 9.12 നാണ് പൊട്ടിത്തെറിച്ചത്. ചാരം കലർന്ന പുക 5 കിലോമീറ്റർ വരെ ഉയരത്തിൽ ആകാശത്തേക്ക് പൊങ്ങി. വെള്ളിയാഴ്ചയും ചെറിയ സ്‌ഫോടനം രേഖപ്പെടുത്തിയിരുന്നു.

അഗ്നിപർവ്വതത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ പ്രവർത്തനങ്ങളും സർക്കാർ നിരോധിച്ചിട്ടുണ്ട്.അഗ്നിപർവ്വതത്തിന് സമീപമുള്ള ആളുകൾ മാസ്കും ഗ്ലാസും ധരിക്കാനും സർക്കാർ നിർദേശമുണ്ട്.
അഗ്നിപർവ്വതത്തിന്റെ ജാഗ്രതാ നില രണ്ടാമത്തെ ഉയർന്ന തലത്തിൽ തുടരുകയാണെന്ന് ഇന്തോനേഷ്യയിലെ അഗ്നിപർവ്വത, ജിയോളജിക്കൽ ഹസാർഡ് മിറ്റിഗേഷൻ സെൻ്റർ മേധാവി ഹെന്ദ്ര ഗുണവൻ പ്രസ്താവനയിൽ പറഞ്ഞു.താമസക്കാരെ ഒഴിപ്പിച്ചതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ ആഴ്ച വടക്കൻ സുലവേസിയിലെ റുവാങ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് അടുത്തുള്ള ദ്വീപിൽ താമസിച്ചിരുന്ന 12,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചു.ഡിസംബറിൽ, സുമാത്രയിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിലൊന്നായ മറാപി അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് 3 കിലോമീറ്റർ വരെ ഉയരത്തിൽ ചാര മേഘങ്ങൾ പടർന്ന് 20-ലധികം ആളുകൾ കൊല്ലപ്പെട്ടു.
അഗ്നിപർവ്വത ഏജൻസിയുടെ കണക്കനുസരിച്ച് ഇന്തോനേഷ്യ പസഫിക് “റിംഗ് ഓഫ് ഫയർ” എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്, അതിൽ 127 സജീവ അഗ്നിപർവ്വതങ്ങളുണ്ട്.















