കണ്ണൂർ: നാടിനെ നടുക്കിയ വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. രണ്ട് ലക്ഷം രൂപ പിഴ അടയ്‌ക്കാനും കോടതി നിർദ്ദേശിച്ചു. ഈ തുക കുടുംബത്തിന് നൽകാനും കോടതി നിർദ്ദേശിച്ചു. അല്ലാത്തപക്ഷം ആറ് മാസം അധിക തടവും അനുഭവിക്കണം. വീട്ടിൽ അതിക്രമിച്ച കയറിയതിന് പത്ത് വർഷം തടവിനും വിധിച്ചു. 25,000 രൂപ പിഴ അടയ്‌ക്കാനും വിധിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം ഒരു മാസം അധികമായി തടവ് അനുഭവിക്കണം.
വിധി തൃപ്തികരമെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ആണ് വിധി പറഞ്ഞത്. പ്രണയ പകയെ തുടർന്നാണ് പാനൂർ സ്വദേശി 23-കാരി വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത്. 2022 ഒക്ടോബർ 22-നായിരുന്നു നാടിനെ ഞെട്ടിച്ച കൊടും ക്രൂരത. പൊന്നാനി സ്വദേശിയായ സുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നതിനിടെയിലാണ് കിടപ്പുമുറിയിൽ അതിക്രമിച്ച് കയറിയ ശ്യാംജിത്ത് വിഷ്ണുപ്രിയയെ തലയ്‌ക്കടിച്ച് വീഴ്‌ത്തിയ ശേഷം കഴുത്തിന് കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. സുഹൃത്തിനെ വീഡിയോ കോൾ ചെയ്ത 13 സെക്കൻഡ് വീഡിയോയാണ് കേസിൽ നിർണായക വഴിത്തിരിവായത്.
മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച് ആസൂത്രണം ചെയ്താണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയതെന്ന വാദവും തലശേരി കോടതി ശരിവച്ചു. സാക്ഷികളില്ലാത്ത കേസ് സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുടെയും ബലത്തിലാണ് അന്വേഷണം പുരോഗമിച്ചത്. വിഷ്ണുപ്രിയയും പ്രതിയും തമ്മിൽ നേരത്തേ സംസാരിച്ചതിന്റെ ഫോൺരേഖകളും തെളിവായി കോടതിയിൽ ഹാജരാക്കിരുന്നു.















