കണ്ണൂർ: ഡ്യൂട്ടി സമയത്ത് സ്വകാര്യ ആവശ്യങ്ങൾക്കായി പുറത്ത് പോകുന്ന വളപട്ടണം പഞ്ചായത്തിലെ ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി. ഓഫീസ് ആവശ്യത്തിന് എന്ന പേരിൽ പുറത്തിറങ്ങി തിരിച്ചുവരാത്ത സംഭവങ്ങൾ നിരന്തരം ആവർത്തിക്കുന്ന സാഹചര്യത്തിലാണ് എൽഎസ്ജിഡി ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകിയത്. ബിജെപി ജില്ലാ കമ്മിറ്റി അംഗം പി വി അരുണാക്ഷൻ ആണ് പരാതി സമർപ്പിച്ചത് .
മൂവ്മെന്റ് രജിസ്റ്റർ പാലിക്കാതെയാണ് വളപട്ടണം പഞ്ചായത്തിലെ ഉദ്യോഗസ്ഥന്റെ പ്രവർത്തനമെന്ന് പരാതിയിൽ പറയുന്നു. ചട്ടങ്ങൾ അനുസരിക്കാതെയാണ് ഈ ഉദ്യോഗസ്ഥൻ പുറത്തു പോകുന്നതെന്ന് വിവരാവകാശ രേഖപ്രകാരം ലഭിച്ച മറുപടിയിൽ വ്യക്തമാക്കുന്നുണ്ട്. സംസ്ഥാന ഭരണകക്ഷിയുടെ യൂണിയൻ മെമ്പറായ എൽഡി ക്ലർക്കിനെതിരെ ഇതിനും മുമ്പും നിരവധി പരാതികൾ ഉയർന്നിരുന്നു. അഴീക്കോട് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥൻ കഴിഞ്ഞ വർഷമാണ് സ്ഥലം മാറി വളപട്ടണം ഗ്രാമപഞ്ചായത്തിൽ എത്തുന്നത്.
നിയമപ്രകാരം ഔദ്യോഗിക ആവശ്യത്തിനായി പുറത്തിറങ്ങുന്ന ഉദ്യോഗസ്ഥർ ആ കാര്യം മൂവ്മെന്റ് രജിസ്റ്റർ രേഖപ്പെടുത്തേണ്ടതുണ്ട്. പുറത്തിറങ്ങുന്ന സമയം, ആവശ്യം, തിരിച്ചെത്തുന്ന ഏകദേശ സമയം എന്നിവയും ഈ രജിസ്റ്ററിൽ രേഖപ്പെടുത്തണം. എന്നാൽ ഇക്കാര്യങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്.
ഓഫീസ് സമയത്ത് ഉദ്യോഗസ്ഥർ ഇല്ലാതിരിക്കുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് ബിജെപി പ്രശ്നത്തിൽ ഇടപെട്ടത്. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിച്ച് പൊതുജനങ്ങൾക്ക് കൃത്യസമയത്ത് സേവനം ലഭ്യമാക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.















