തൃശൂർ: കൊലക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതി സുഹൃത്തുക്കള്‍ക്ക് നൽകിയത് വമ്പൻ പാർട്ടി. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ കുറ്റൂർ സ്വദേശി അനൂപാണ് സുഹൃത്തുക്കൾക്ക് പാർട്ടി നൽകുന്നതിന്റെ ദൃശ്യങ്ങൾ ആവേശം സിനിമയുടെ ഡയലോഗ് ചേർത്ത് റീൽ പോലെ പുറത്തിറക്കിയത്. വിവിധ ക്രിമിനൽ കേസിലെ പ്രതികളായിട്ടുള്ളവരാണ് പാർട്ടിയിൽ പങ്കെടുത്തത്.
ആവേശം സിനിമയിലെ ‘ എടാ മോനെ’ എന്ന ഡയലോഗിനൊപ്പം അതിലെ തന്നെ വൈറൽ സോംഗും ഉൾപ്പെടുത്തിയുള്ള റീലാണ് പങ്കുവച്ചത്. കാറിൽ വന്നിറങ്ങുന്ന പ്രതിയെ സുഹൃത്തുക്കൾ കയ്യടിച്ച് സ്വീകരിക്കുന്നതും വീഡിയോയിൽ കാണാം.
വയലിൽ നിരവധി ആളുകൾ തമ്പടിച്ചിരിക്കുന്നുവെന്ന് അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിരുന്നു. എന്നാൽ പിതാവിന്റെ മരണ സമയത്ത് സുഹൃത്തുക്കൾക്ക് ഭക്ഷണം നൽകാൻ സാധിച്ചിരുന്നില്ലെന്നും അതിന്റെ സത്ക്കാരമാണ് നടക്കുന്നതെന്നുമായിരുന്നു അനൂപ് പൊലീസിനോട് പറഞ്ഞിരുന്നത്. പൊലീസ് എത്തുന്നതിന്റെ ദൃശ്യങ്ങളടക്കം ചേർത്താണ് അനൂപ് റീൽ പ്രചരിപ്പിച്ചത്.
കഴിഞ്ഞ ഏപ്രിലിലായിരുന്നു ഇത്തരത്തിൽ പാർട്ടി നടത്തിയത്. പിന്നീട് ഇതിന്റെ ദൃശ്യങ്ങൾ, ആവേശം സിനിമയുടെ ഡയലോഗിനൊപ്പം ചേർത്ത് റീൽ രൂപത്തിലാക്കി പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.















