പതിനൊന്ന് വർഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമമിട്ട് സംഗീത സംവിധായകനും നടനുമായ ജി വി പ്രകാശും ഗായിക സൈന്ധവിയും വേർപിരിയുന്നു. ഇരുവരും വിവാഹമോചിതരാകുന്നു എന്ന തരത്തിൽ നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ വാർത്തകൾ ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. സോഷ്യൽ മീഡിയയിലൂടെയാണ് വേർപിരിയൽ വാർത്ത പങ്കുവച്ചത്.
‘ നീണ്ട ആലോചനകൾക്കൊടുവിൽ, സൈന്ധവിയും ഞാനും ചേർന്ന് 11 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു. പരസ്പര ബഹുമാനത്തെ മാനിച്ച്, ഞങ്ങളുടെ മനസമാധാനവും മുന്നോട്ടുള്ള ജീവിതവും ലക്ഷ്യമാക്കിയുള്ള തീരുമാനമാണ് ഇത്. ഈ അവസരത്തിൽ ഞങ്ങളുടെ സ്വകാര്യത മാനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്ന് മാദ്ധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഞങ്ങൾ ഒരുമിച്ചെടുത്ത ഏറ്റവും മികച്ച തീരുമാനമാണ് ഈ വേർപിരിയൽ. പ്രയാസമേറിയ ഈ സമയത്ത് നിങ്ങളുടെ പിന്തുണ ഞങ്ങൾക്ക് ആവശ്യമാണ്.’ ജിവി പ്രകാശ് കുറിച്ചു. ഇതേ കുറിപ്പ് സൈന്ധവിയും പങ്കുവച്ചിട്ടുണ്ട്.
സ്‌കൂൾ കാലഘട്ടം മുതൽ ജിവി പ്രകാശും സൈന്ധവിയും പ്രണയത്തിലായിരുന്നു. 2013 ലാണ് ഇരുവരും വിവാഹിതരായത്. 2020 ലാണ് ഇരുവരുടെയും മകൾ അൻവി ജനിച്ചത്. ജിവി പ്രകാശ് ഈണം നൽകിയ നിരവധി ഗാനങ്ങൾ സൈന്ധവി ആലപിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇരുവരും ഒരുമിച്ച് ഗാനങ്ങൾ ആലപിക്കുന്നതിന്റെ നിരവധി വീഡിയോകൾ പങ്കുവച്ചിരുന്നു. ഇവയെല്ലാം ആരാധകർക്ക് പ്രിയപ്പെട്ടവയായിരുന്നു.
ജെന്റിൽമാൻ ആയിരുന്നു ജിവി പ്രകാശിന്റെ ആദ്യ ചിത്രം. സംഗീത സംവിധായകൻ എആർ റഹ്‌മാന്റെ സഹോദരിയുടെ മകനാണ് ജിവി പ്രകാശ്.















