തിരുവനന്തപുരം: ചരിത്രം സൃഷ്ടിച്ച എൻ മണ്ണ് എൻ മക്കൾ യാത്രയെ കുറിച്ച് മനസ് തുറന്ന് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. ജനം ടിവിയുടെ ബിഗ് ഇന്റർവ്യൂവിൽ ചീഫ് എഡിറ്റർ പ്രദീപ് പിള്ളയുമായി സംസാരിക്കവേയാണ് എട്ടു മാസം നീണ്ടുനിന്ന യാത്രയെ കുറിച്ച് അദ്ദേഹം വാചാലനായത്.
എൻ മണ്ണ് എൻ മക്കൾ യാത്ര മെച്ചപ്പെട്ട മനുഷ്യനാകാൻ തന്നെ സഹായിച്ചതായി അദ്ദേഹം പറഞ്ഞു. കൂടുതൽ ആളുകളെ അടുത്ത് കാണാനും കേൾക്കാനും ഇതിലൂടെ സാധിച്ചു. ഒരോ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ജനങ്ങളുടെ പക്കൽ തന്നെയുണ്ട്. നമ്മൾ അത് കേൾക്കാൻ തയ്യാറായാൽ മാത്രം മതി.
ഐഎഎസ് നേടി ആഡംബര പൂർണ്ണമായ സെക്രട്ടറിയേറ്റ് കെട്ടിടത്തിൽ ഇരുന്നതുകൊണ്ട് മാത്രമായില്ല. ജനങ്ങളുടെ പക്കൽ തന്നെ പരിഹാരമുണ്ടെന്ന് നാം തിരിച്ചറിയണം. നിർഭാഗ്യവശാൽ രാഷ്‌ട്രീയത്തിൽ സംഭവിക്കുന്നത് വൺ-വേ കമ്യൂണിക്കേഷനാണ്. വലിയ സ്റ്റേജിലേക്ക് പോകുന്നു, വലിയ ടേബിളിന് മുന്നിൽ ഇരിക്കുന്നു, ആയിരക്കണക്കിന് ജനങ്ങൾ താഴെയിരിക്കുന്നു. നിങ്ങൾ മൈക്കിൽ സംസാരിക്കുന്നു. കൈകൾ വീശി കാണിക്കുന്നു, തിരിച്ചുവരുന്നു, ഇതായി മാറി രാഷ്‌ട്രീയം.
തമിഴ്നാട്ടിലെ മാറിയ രാഷ്‌ട്രീയ സംസ്കാരത്തെ കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ പരാമർശിച്ചു. വലിയ നേതാക്കൾക്ക് സാധാരണക്കാരുമായി യാതോരു ബന്ധവുമില്ല. ഹെലികോപ്റ്ററിൽ വരുന്നു പോകുന്നു, അതാണ് തമിഴ്നാട്ടിൽ നടക്കുന്നത്. ജനങ്ങളുടെ കൂടെയുണ്ടെന്നും അവരെ കേൾക്കുന്നുണ്ടെന്നും അവരെ ബോധ്യപ്പെടുത്തണം അതാണ് എൻ മണ്ണ് എൻ മക്കൾ യാത്രയുടെ ലക്ഷ്യമിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ദ്രാവിഡ പാർട്ടികളെ രൂക്ഷമായി വിമർശിച്ച അദ്ദേഹം നിലവിലുള്ള ദ്രാവിഡ തമിഴകം യഥാർത്ഥ തമിഴ്നാടിൽ നിന്നും ഏറെ വ്യതിചലിച്ചാണ് സഞ്ചരിക്കുന്നതെന്ന് പറഞ്ഞു. പഴയ തമിഴ്നാടിനെ തിരിച്ചുകൊണ്ടുവരാനാണ് ബിജെപിയുടെ ശ്രമം. അതിനായി അവരുടെ പ്രശ്നങ്ങൾ കൃത്യമായി മനസിലാക്കേണ്ടതുണ്ട്. ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മൂന്നാമതൊരാളിൽ നിന്ന് അറിയാൻ ശ്രമിക്കാതെ അവരിൽ നിന്ന് തന്നെ കേൾക്കണം. അത് നമ്മെ മെച്ചപ്പെട്ട നേതാവാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്സഭയ്‌ക്ക് ശേഷം ഇത്തരം കൂടുതൽ യാത്രകൾ പദ്ധതിയിടുന്നതായും അണ്ണാമലൈ അറിയിച്ചു. അടുത്ത യാത്ര ഗ്രാമങ്ങൾ കേന്ദ്രീകരിച്ചായിരിക്കും. എൻ മണ്ണ് എൻ മക്കൾ യാത്രയിലൂടെ ഗ്രാമങ്ങളിൽ അധികം സമയം ചെലവഴിക്കാൻ സാധിച്ചില്ല . യാത്രയുടെ രണ്ടാം ഭാഗത്തിൽ ഒരു ഗ്രാമത്തിൽ 24 മണിക്കൂർ ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞുനിർത്തി.