ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ മൂന്ന് പ്രവർത്തകർ ഡൽഹിയിൽ അറസ്റ്റിൽ. ഡൽഹിയിലെയും പഞ്ചാബിലെ ബട്ടീന്ദയിലെയും പൊതുസ്ഥലങ്ങളിൽ ഖലിസ്ഥാൻ അനുകൂല മുദ്രവാക്യങ്ങൾ ചുവരിലെഴുതിയതിന് പിന്നാലെയാണ് നടപടി. ബട്ടീന്ദ പൊലീസും ഇന്റലിജൻസ് വിഭാഗവും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
ന്യൂയോർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിന്റെ അനുയായികളാണ് ചുവരെഴുത്തിന് പിന്നിലെന്നാണ് വിവരം. ചുവരെഴുത്ത് നടത്തിയത്. പിന്നാലെ ഇതിന്റെ ചിത്രങ്ങൾ ഇയാൾക്ക് അയച്ചുകൊടുത്തതായി കണ്ടെത്തിയെന്നും പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് എക്സിലൂടെ അറിയിച്ചു.
കഴിഞ്ഞ 27 ന് ബട്ടീന്ദ ജില്ലാ അഡ്മിനിസ്‌ട്രേറ്റീവ് കോംപ്ലക്‌സിന്റെയും കോടതിയുടെയും ചുവരുകളിലും ഈ മാസം 9 ന് ഡൽഹിയിലെ ഝണ്ഡേവാലൻ, കരോൾ ബാഗ് മെട്രോ സ്റ്റേഷനുകളുടെയും തൂണുകളിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. ശാസ്ത്രീയമായ പരിശോധനകൾക്ക് ശേഷമാണ് പ്രതികൾ പിടിയിലായത്.















