ശക്തമായ കാറ്റിലും മഴയിലും കൂറ്റൻ പരസ്യ ബോർഡ് തകർന്നുണ്ടായ ദുരന്തത്തിൽ ഹോൾഡിംഗ് സ്ഥാപിച്ച കമ്പനി ഉടമ ഒളിവിൽ. ഈഗോ മീഡിയയുടെ ഉടമ ഭാവേഷ് ഭിൻഡേ ഉദ്ധവ് താക്കറയുടെ ഉറ്റ സുഹൃത്താണെന്ന് സോഷ്യൽ മീഡിയയിൽ ആരോപണം ഉയർന്നു. ഉദ്ധവിനൊപ്പം ഭാവേഷ് നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നു.
ഘട്കോപ്പറിലെ അപകടത്തിൽ 14 പേരുടെ ജീവനാണ് പൊലിഞ്ഞത്. കൂറ്റൻ ഹോൾഡിംഗ് അനധികൃതമായി സ്ഥാപിച്ചതാണെന്നും കണ്ടെത്തി. കേസെടുത്തതിന് പിന്നാലെ ഭാവേഷ് ഒളിവിൽ പോവുകയായിരുന്നു. അപകടത്തിൽ 74പേർക്ക് പരിക്കേൽക്കുകയും നിരവധി വാഹനങ്ങൾ തകരുകയും ചെയ്തു. പെട്രോൾ പമ്പ് പൂർണമായും തകർന്നു.
തദ്ദേശ സ്ഥാപനങ്ങൾ നിഷ്കർഷിക്കുന്ന ഉയരത്തിലും മേലെയാണ് ഹോൾഡിംഗ് സ്ഥാപിച്ചിരുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ഹോൾഡിംഗ് എന്ന പേരിലാണ് പരസ്യബോർഡ് സ്ഥാപിച്ചിരുന്നത്. അവർ സ്ഥാപിച്ച 10 പരസ്യ ബോർഡുകൾ പത്തു ദിവസത്തിനുള്ളിൽ മാറ്റണമെന്ന് കാട്ടി മുൻസിപ്പൽ കോർപ്പറേഷൻ നോട്ടീസ് നൽകിയിട്ടുണ്ട്.