ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രമായെത്തുന്ന തമിഴ് ചിത്രമാണ് ഗരുഡൻ. ഒരു ദശാബ്ദത്തിന് ശേഷം വീണ്ടും തമിഴ് സിനിമാ ലോകത്തേക്ക് മടങ്ങി വരുന്നതിന്റെ സന്തോഷത്തിലാണ് ഉണ്ണി മുകുന്ദൻ. ദുരൈ സെന്തിൽ കുമാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രത്തിനായി ആരാധകർ ഏറെ പ്രതീക്ഷയിലാണ്. ചിത്രത്തിന്റെ റീലിസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഉണ്ണി മുകുന്ദനാണ് വീഡിയോ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്.
ഈ മാസം 31-നാണ് ഗരുഡൻ തിയേറ്ററുകളിലെത്തുന്നത്. ഉണ്ണിമുകുന്ദൻ്റേത് വേറിട്ട കഥാപാത്രമായിരിക്കുമെന്നാണ് വീഡിയോ നൽകുന്ന സൂചന. വെട്രിമാരന്റെ തിരക്കഥയിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ ശശി കുമാറും സൂരി മുത്തുചാമിയുമാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
വിടുതലൈ എന്ന ചിത്രത്തിന് ശേഷം വെട്രിമാരനും സൂരിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒന്നാം ഭാഗത്തിൽ സൂരിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. നന്ദനത്തിന്റെ തമിഴ് പതിപ്പായ ‘സീഡൻ’ എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ അഭിനയിക്കുന്ന ചിത്രമാണ് ഗരുഡൻ.
കാക്കി സട്ടൈ, എതിർ നീച്ചൽ, കൊടി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാണ് ദുരൈ സെന്തിൽ. യുവൻ ശങ്കർ രാജയാണ് സംഗീതം നിർവഹിക്കുന്നത്. സമുദ്രക്കനി, ശിവദ, രേവതി ശർമ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.