എറണാകുളം: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികൾക്ക് നേരിട്ടും അല്ലാതെയും പങ്കുണ്ടെന്ന് ഇഡി. കേസിലെ മുഖ്യപ്രതികളായ പി.ആർ.അരവിന്ദാക്ഷൻ, പി.സതീഷ്‌കുമാർ, സി.കെ.ജിൽസ് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലാണ് ഹൈക്കോടതിയിൽ ഇഡി ഇക്കാര്യം വ്യക്തമാക്കിയത്. കേസ് ഈ മാസം 29ന് വീണ്ടും പരിഗണിക്കും.
കള്ളപ്പണം വെളുപ്പിക്കൽ തടയുന്ന നിയമമനുസരിച്ച് കുറ്റകരമായ കാര്യങ്ങളാണ് പ്രതികൾ ചെയ്തതെന്ന് ഇ.ഡിക്കു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ലക്ഷ്മൺ സുന്ദരേശൻ വാദിച്ചു. ഇടനിലക്കാരനായ സതീഷ്‌കുമാർ 25 കോടി രൂപയിലധികം വിവിധ സേവനങ്ങൾക്കായി കൈപ്പറ്റിയിട്ടുണ്ട്. ഈ പണത്തിൽ നിന്നാണ് കേസിലെ മറ്റുപ്രതികൾക്ക് 14 കോടിയോളം നൽകിയത്. കള്ളപ്പണം ആണെന്ന് തിരിച്ചറിഞ്ഞതോടെയാണ് മറ്റുപ്രതികൾ ഈ പണം തിരിമറി നടത്താൻ ഉപയോഗിച്ചതെന്നും ഇഡി കോടതിയിൽ പറഞ്ഞു.
കേസിലെ മറ്റുപ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ഇഡിയുടെ വാദങ്ങൾ അംഗീകരിക്കാനാവില്ലെന്നാണ് പ്രതികൾ വാദിച്ചത്. ആദായ നികുതി റിട്ടേൺ, പ്രതികളുമായി ബന്ധമുള്ള ദേവി ഫിനാൻസിന്റെ ബാലൻസ് ഷീറ്റ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയവ ഇക്കാര്യം തെളിയിക്കുന്നതാണെന്നായിരുന്നു ഇഡിയുടെ മറുപടി.