സംഭവ ബഹുലമായൊരു കല്യാണക്കഥ പറയുന്ന ചിത്രമാണ് ഗുരുവായരൂമ്പല നടയിൽ. കുടുംബ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്ന കോമഡി എന്റർടെയ്ൻമെന്റ് ചിത്രമാണിത്. പൃഥ്വിരാജ്, ബേസിൽ ജോസഫ്, നിഖില വിമൽ, അനശ്വര രാജൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ചിത്രത്തിന്റെ ഗാനം അണിയറപ്രവർത്തകർ പങ്കുവച്ചു. ‘കെ ഫോർ കല്യാണം’ എന്ന് തുടങ്ങുന്നതാണ് ഗാനം.
കല്യാണാഘോഷമാണ് വീഡിയോയിലുള്ളത്. സുഹൈൽ കോയയുടെ വരികൾക്ക് അങ്കിത് മേനോനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ഈ മാസം 16-നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തമിഴ് ഹാസ്യതാരം യോഗി ബാബുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദീപു പ്രദീപാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.
ജഗദീഷ്, രേഖ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ ഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സിവി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.















