ന്യൂഡൽഹി: 34,000 കോടി രൂപയുടെ തട്ടിപ്പിൽ ഡിഎച്ച്എഫ്എൽ മുൻ ഡയറക്ടർ ധീരജ് വധവാനെ സിബിഐ അറസ്റ്റ് ചെയ്തു. 17 ബാങ്കുകളുടെ കൺസോർഷ്യത്തെ കബളിപ്പിച്ച് 34,000 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പായിരുന്നു ഇത്.
2022 ൽ കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. മുംബൈയിൽ നിന്ന് തിങ്കളാഴ്ച വൈകിട്ടാണ് ധീരജിനെ കസ്റ്റഡിയിലെടുത്തതെന്ന് സിബിഐ അറിയിച്ചു. ഡൽഹിയിലെ പ്രത്യേക കോടതിയിൽ ഹാജരാക്കിയ ഇയാളെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
നേരത്തെ യെസ് ബാങ്ക് അഴിമതിയിലും വധാവനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ഇയാൾ ജാമ്യത്തിലാണ്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭവന വായ്പാ സ്ഥാപനമാണ് ദെവാൻ ഹൗസിംഗ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (ഡിഎച്ച്എഫ്എൽ).
2022 ൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയെ തുടർന്നാണ് തട്ടിപ്പ് പുറത്തുവന്നത്. എസ്ബിഐയിൽ നിന്ന് മാത്രം 9898 കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്.
സ്ഥാപനത്തിന്റെ ഡയറക്ടർമാരായ ധീരജിന്റെയും സഹോദരൻ
കപിൽ വധവാന്റെയും ബാങ്ക് അക്കൗണ്ടുകളും ഓഹരികളും മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങളും കണ്ടുകെട്ടാൻ കഴിഞ്ഞ ഫെബ്രുവരിയിൽ സെബി തീരുമാനിച്ചിരുന്നു.















