മുംബൈ: സൽമാൻ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് ഗുണ്ടാനേതാവ് രോഹിത് ഗോദാരയ്‌ക്കെതിരെ മുംബൈ ക്രൈംബ്രാഞ്ച് കേസെടുത്തു. ഏപ്രിൽ 14 നാണ് ബാന്ദ്ര ഏരിയയിലെ സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിവയ്പ്പ് നടന്നത്. ഇതിന് പിന്നാലെ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയി സംഘം രംഗത്ത് വന്നിരുന്നു.
കേസിൽ ഇതുവരെ ആറ് പ്രതികളെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്, നാല് പ്രതികൾ ഒളിവിലാണെന്നും തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ആറാം പ്രതി ഹർപാൽ സിംഗ് (37) തിങ്കളാഴ്ച വൈകിട്ട് ഹരിയാനയിലെ ഫത്തേഹാബാദിൽ നിന്നാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയായ മുഹമ്മദ് റഫീഖ് ചൗധരിയെ ചോദ്യം ചെയ്തപ്പോഴാണ് ഹർപാൽ സിംഗിനെ പറ്റിയുള്ള വിവരങ്ങൾ ലഭിച്ചത്.
അധോലോക കുറ്റവാളി ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയിയാണ് വെടിവെപ്പിന്റെ സൂത്രധാരൻ. 2024 മാർച്ച് 15 ന് പൻവേലിൽ വെച്ചാണ് ഇയാൾ ഷൂട്ടർമാർക്ക് ആയുധങ്ങൾ കൈമാറിയത്. കൃത്യം നടത്താനായി മൂന്ന് ലക്ഷം വീതം ഷൂട്ടർമാർക്ക് നൽകുകയും ചെയ്തു.















