ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ ഹെലികോപ്റ്റർ രാജ്യത്ത് അനധികൃത വ്യോമയാന പ്രവർത്തനങ്ങൾ നടത്തിയെന്ന മാലദ്വീപിന്റെ ആരോപണങ്ങൾ നിഷേധിച്ച് ഇന്ത്യ. ദ്വീപ് രാഷ്‌ട്രത്തിലെ ഇന്ത്യൻ വ്യോമയാന പ്ലാറ്റ്ഫോമുകൾ പരസ്പരം അംഗീകരിച്ച നടപടിക്രമങ്ങൾക്കനുസൃതമായും ഉചിതമായ അനുമതിയോടും കൂടി മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂവെന്ന് മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ വ്യക്തമാക്കി. മാലദ്വീപ് പ്രതിരോധമന്ത്രിയുടെ തെറ്റായ പരാമർശങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യ മറുപടി നൽകിയത്.
മാലദ്വീപിലുണ്ടായിരുന്ന ഇന്ത്യൻ സൈനിക ഹെലികോപ്റ്റർ പൈലറ്റുമാർ 2019 ൽ അനധികൃത ഓപ്പറേഷൻ നടത്തിയെന്ന് മാലദ്വീപ് പ്രതിരോധമന്ത്രി ഘസൻ മൗമൂൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഇന്ത്യൻ സൈനിക വിമാനങ്ങളിൽ ഒന്ന് മാലദ്വീപിലെ തിമരാഫുഷിയിൽ അനുമതിയില്ലാതെ ലാൻഡ് ചെയ്‌ത സംഭവം ചൂണ്ടിക്കാട്ടിയാണ് ആരോപണം ഉന്നയിച്ചത്.
എന്നാൽ അപ്രതീക്ഷിതമായ അടിയന്തര സാഹചര്യത്തെ തുടർന്നായിരുന്നു തിമരാഫുഷിയിലെ ലാൻഡിംഗ് വേണ്ടി വന്നതെന്ന് ഇന്ത്യ വ്യക്തമാക്കി. . മാത്രമല്ല എയർ ട്രാഫിക് കോൺട്രോളിൽനിന്ന് ആവശ്യമായ ഓൺ-ഗ്രൗണ്ട് അനുമതികൾ നേടിയതിന് ശേഷം മാത്രമാണ് അടിയന്തര ലാൻഡിംഗ് നടത്തിയതെന്നും ചൂണ്ടിക്കാട്ടി ഇന്ത്യ ഈ ആരോപണങ്ങൾ തള്ളി.
ഇന്ത്യ നൽകിയ രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോർണിയർ വിമാനവും പ്രവർത്തിപ്പിക്കുന്നതിനായി ഇന്ത്യൻ സൈനികർ മാലദ്വീപിൽ നിലയുറപ്പിച്ചിരുന്നു. എന്നാൽ ചൈനീസ് അനുകൂല നേതാവ് മുഹമ്മദ് മുയിസു പ്രസിഡന്റായി അധികാരമേറ്റെടുത്തതോടെ മാലദ്വീപിൽ നിന്ന് ഇന്ത്യൻ സൈനികരെ പിൻവലിക്കുകയായിരുന്നു. തുടർന്ന് 76 സൈനികരെ ഇന്ത്യ മാലദ്വീപിൽ നിന്നും പിൻവലിച്ചിരുന്നു. എന്നാൽ ഇന്ത്യ നൽകിയ മൂന്ന് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിവുള്ള പൈലറ്റുമാർ മാലദ്വീപ് സൈന്യത്തിന് ഇപ്പോഴും ഇല്ലെന്ന് വാർത്താ സമ്മേളനത്തിൽ പ്രതിരോധ മന്ത്രി ഘസൻ മൗമൂൻ വെളിപ്പെടുത്തിയിരുന്നു.















