ബിജു മേനോനും ആസിഫ് അലിയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് തലവൻ. ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ത്രില്ലർ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. പ്രേക്ഷകരെ ഏറെ ത്രസിപ്പിക്കുന്ന ചിത്രമായിരിക്കും തലവൻ എന്ന് ട്രെയിലർ ഉറപ്പ് നൽകുന്നു. ട്രെയിലർ പുറത്തുവിട്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ മികച്ച പ്രേക്ഷക പ്രശംസ നേടുകയാണ്.
വ്യത്യസ്ത റാങ്കുകളിൽപ്പെട്ട പൊലീസുകാർക്കിടയിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാഗതി. മിയ, അനുശ്രീ എന്നിവരാണ് ചിത്രത്തിലെ നായികമാർ. ദിലീഷ് പോത്തനും കോട്ടയം നസീറും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസറും ടൈറ്റിൽ സോംഗും ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടത്.
മേയ് 24ന് ചിത്രം തിയേറ്ററുകളിലെത്തും. അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.