കന്യാകുമാരി: ഭാരതത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കന്യാകുമാരി ഒരു അന്താരാഷ്‌ട്ര ടൂറിസ്റ്റ് കേന്ദ്രമാണ്. കന്യാകുമാരി ഭഗവതി അമ്മൻ ക്ഷേത്രമാണ് അവിടുത്തെ ഏറ്റവും വലിയ ആകര്ഷണങ്ങളിൽ ഒന്ന്. ഇത് കൂടാതെ മൂന്നു കടലുകൾ ഒന്നിച്ചു ചേരുന്ന ത്രിവേണീ സംഗമത്തിൽ സ്നാനത്തിനും അവിടെ നിന്നുള്ള സൂര്യോദയ സൂര്യാസ്തമയ ദർശനത്തിനുമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും നിരവധി സഞ്ചാരികൾ കന്യാകുമാരി സന്ദർശിക്കുന്നു. പ്രതിവർഷം 75 ലക്ഷം വിനോദസഞ്ചാരികൾ അവിടെ എത്തുന്നുണ്ടെന്നാണ് കണക്ക്.
കടലിനു നടുവിൽ സ്ഥിതി ചെയ്യുന്ന വിവേകാനന്ദ സ്മാരകവും അതിന്റെ തൊട്ടടുത്ത് പിൽക്കാലത്ത് ഉയർന്ന തിരുവള്ളുവർ പ്രതിമയും നയനാനന്ദകരമായ കാഴ്ചകളാണ്. വിവേകാനന്ദപ്പാറയിലേക്ക് ഉള്ള ജലമാർഗ്ഗം ആഴത്തിലുള്ളതാണ്. അതിനാൽ കന്യാകുമാരിയിൽ നിന്ന് ബോട്ട് മാർഗം എത്തിച്ചേരാൻ പറ്റും. എന്നാൽ തിരുവള്ളുവർ പ്രതിമയിലേക്കുള്ള പാത ആഴം കുറഞ്ഞതാണ്, കൂടാതെ അവിടെ ധാരാളം പാറകളുണ്ട്.
ഇതുമൂലം കടലിൽ നീരൊഴുക്ക് കുറവുള്ള സമയങ്ങളിൽ വിവേകാനന്ദ സ്മൃതിമണ്ഡപത്തിലേക്കുള്ള ബോട്ട് ഗതാഗതത്തെ തിരുവള്ളുവർ പ്രതിമയിലേക്ക് കടത്തിവിടില്ല. ഇതുമൂലം ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് പലപ്പോഴും തിരുവള്ളുവർ പ്രതിമ സന്ദർശിക്കാൻ കഴിയാറില്ല.തിരുവള്ളുവർ പ്രതിമയുടെ ഉയരം 133 അടിയാണ്.
ഈ സാഹചര്യത്തിലാണ് 37 കോടി രൂപ ചെലവിൽ കഴിഞ്ഞ വർഷം ജൂണിൽ വിവേകാനന്ദ സ്മൃതിമണ്ഡപത്തിൽ നിന്നും തിരുവള്ളുവർ പ്രതിമ വരെ ഒരു കണ്ണാടിപ്പാലം നിർമ്മിക്കാൻ ആരംഭിച്ചത്. 72 മീറ്റർ നീളവും,10 മീറ്റർ വീതിയുമുള്ള പാലം വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന രീതിയിൽ കണ്ണാടിയിലാണ് നിർമ്മിക്കുക.

ആദ്യം തിരുവള്ളുവർ പ്രതിമ സ്ഥിതി ചെയ്യുന്ന പാറയിൽ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മറുവശത്ത്, വിവേകാനന്ദപ്പാറയിൽ ഗ്ലാസ് കേജ് ലിങ്ക് ബ്രിഡ്ജിന്റെ പണിയും നടന്നു. കൂടാതെ വിവേകാനന്ദ സ്മൃതിമണ്ഡപത്തിനും തിരുവള്ളുവർ പ്രതിമയ്‌ക്കും ഇടയിൽ സ്ഫടിക കൂട് പാലം നിർമിക്കാൻ കടലിന് നടുവിൽ 6 കൂറ്റൻ തൂണുകൾ സ്ഥാപിച്ചു. തിരുവള്ളുവർ പ്രതിമ സ്ഥിതി ചെയ്യുന്ന പാറയുമായി പാലത്തെ ബന്ധിപ്പിക്കുന്നതിന് 27 അടി ഭീമൻ തൂൺ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി.
ബാക്കി ഭാഗങ്ങളുടെ നിർമ്മാണം പുതുച്ചേരിയിലെ ഫാക്ടറിയിൽ നടന്നു വരികയാണ്. ഇനി പെയിന്റിങ് മാത്രമാണ് ബാക്കി. ഇത് കൂടി പൂർത്തിയാക്കി ഉടൻ ഇവ കന്യാകുമാരിയിൽ എത്തിക്കും.
ഈ കണ്ണാടിപ്പാലം പൂർത്തിയാകുന്നതോടെ കന്യാകുമാരിയിലെത്തുന്ന സന്ദർശകർക്ക് തിരുവള്ളുവർ പ്രതിമയും സന്ദർശിക്കാനാകും. ഇത് വഴി ആഭ്യന്തര ടൂറിസം വൻ തോതിൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2018ൽ കേന്ദ്ര മന്ത്രിയായിരുന്ന പൊൻ രാധാകൃഷ്ണൻ കേന്ദ്ര സർക്കാരിനു മുന്നിൽ ഈ ആശയം വച്ചിരുന്നു.















