ന്യൂഡൽഹി: ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് അപകടം. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലാണ് സംഭവം. മഹേഷ് ഭായിയുടെ ഇലക്ട്രിക്ക് സ്കൂട്ടറിന്റെ ബാറ്ററിയാണ് വീട്ടിൽ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ആർക്കും പരിക്കുകളില്ല.
15 മാസങ്ങൾക്ക് മുൻപാണ് മഹേഷ് ഇലക്ട്രിക്ക് സ്കൂട്ടർ വാങ്ങിയത്. 80,000 രൂപയായിരുന്നു സ്കൂട്ടറിന്റെ വില. മഹേഷിന്റെ മകളാണ് സ്കൂട്ടറിന്റെ ബാറ്ററി ഊരിമാറ്റി വീടിനുള്ളിൽ കൊണ്ടുപോയി ചാർജ് ചെയ്യാൻ വച്ചത്. എന്നാൽ 5 മിനിട്ടുകൾക്ക് ശേഷം വലിയ ശബ്ദത്തോടെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയെ തുടർന്ന് വീടിനുള്ളിൽ തീ പടർന്നു പിടിക്കുകയും ചെയ്തു.
ശബ്ദം കേട്ടെത്തിയ അയൽവാസികൾ പെട്ടന്നുതന്നെ വീട്ടിനുള്ളിലെ തീയണയ്‌ക്കുകയായിരുന്നു. മഹേഷ് തന്റെ മകൾക്ക് വേണ്ടി വാങ്ങിയ സ്കൂട്ടറിലെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. ബാറ്ററി പൊട്ടിത്തെറിച്ചത് സ്കൂട്ടർ ഓടിക്കുന്ന സമയത്ത് അല്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.















