മാളികപ്പുറം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ ബാലതാരമാണ് ദേവനന്ദ. സൈജു കുറുപ്പിന്റെ മകളായാണ് താരം ചിത്രത്തിലെത്തിയത്. ദേവനന്ദയുടെ പുതിയ ചിത്രമാണ് ഗു. ഇതിലും സൈജു കുറുപ്പ് തന്നെയാണ് കുട്ടിതാരത്തിന്റെ അച്ഛനായെത്തുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ പിന്നീട് വന്ന ഓരോ അപ്ഡേറ്റുകളും പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിയാക്കുന്നതായിരുന്നു. ചിത്രത്തിന്റെ ട്രെയിലറാണ് പുറത്തുവന്നിരിക്കുന്നത്. സുരേഷ് ഗോപിയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്.
ഞെട്ടിക്കുന്നതും ആശങ്ക ഉളവാക്കുന്നതുമായ രംഗങ്ങളാണ് ട്രെയിലറിലുള്ളത്. ഭയപ്പെടുത്തുന്ന ഒട്ടനവധി സീനുകൾ കോർത്തിണക്കിയാണ് വീഡിയോ. തികച്ചും വ്യത്യസ്തമായ കഥ പറയുന്ന ചിത്രമാണ് ’ഗു’ എന്ന് ട്രെയിലറിൽ നിന്നും വ്യക്തമാണ്. ഈ മാസം 17-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു.
ഒരു ഫാന്റസി ഹൊറർ ചിത്രമാണ് ‘ഗു’. മുത്തശ്ശനും മുത്തശ്ശിയ്‌ക്കുമൊപ്പം അവധിക്കാലം ആഘോഷിക്കാൻ എത്തുന്ന മിന്ന എന്ന പെൺകുട്ടിയായിട്ടാണ് ദേവനന്ദ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ഉൾഗ്രാമത്തിൽ മിന്നയ്‌ക്കും മറ്റ് കുട്ടികൾക്കും നേരിടേണ്ടി വരുന്ന ഭീതിപ്പെടുത്തുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.















