കോഴിക്കോട് : അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മലപ്പുറം സ്വദേശിനിയായ അഞ്ചുവയസുകാരി അതീവ ഗുരുതരാവസ്ഥയിൽ. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കുട്ടിക്ക് മൂന്നീയുരിലെ പുഴയിൽ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം. രോഗത്തിന് ഫലപ്രദമായ മരുന്ന് കേരളത്തിൽ ലഭ്യമല്ലെന്നാണ് ഡോക്ടർ നൽകുന്ന വിവരം.
കഴിഞ്ഞ വർഷം ആലപ്പുഴയിൽ രോഗം റിപ്പോർട്ട് ചെയ്തിരുന്നു. നീഗ്ലേറിയ ഫൗളേറി എന്നാണ് മസ്തിഷ്കജ്വരം ഉണ്ടാക്കുന്ന അമീബയുടെ ശാസ്ത്രനാമം. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഇത്തരം അമീബയെ സാധാരണയായി കാണുന്നത്. ഇത് മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടന്നാണ് തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്കജ്വരം ഉണ്ടാക്കുന്നത്. രോഗകാരിയായ അമീബ ഉള്ള മലിനജലം മൂക്കിനുള്ളിലേക്ക് കടക്കുന്നതു വഴി മാത്രമാണ് രോഗബാധയുണ്ടാകുന്നത്. തലവേദന,പനി, കഴുത്തിലെ തുടിപ്പ്, ഛർദ്ദി എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ.