ലക്‌നൗ : ഉത്തർപ്രദേശിലെ കാൺപൂരിൽ ബോംബ് ഭീഷണി. 10 സ്‌കൂളുകളിലേക്കാണ് ഇ-മെയിൽ വഴി സന്ദേശമെത്തിയത്. സ്‌കൂളുകളിൽ ബോംബ് വച്ചിട്ടുണ്ടെന്നും ഇത് പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശം. ബോംബ് ഭീഷണി ലഭിച്ചതോടെ സ്‌കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെയും അധ്യാപകരെയും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധകൾ നടത്തി വരികയാണ്. റഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെയിലിംഗ് സർവീസിൽ നിന്നാണ് സന്ദേശം വന്നിരിക്കുന്നതെന്നും വിപിഎൻ സംവിധാനങ്ങൾ ഉപയോഗിച്ചാണ് അജ്ഞാതൻ മെയിൽ ചെയ്യുന്നതെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലും രാജ്യത്തെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ ബോംബ് ഭീഷണി എത്തിയിരുന്നു. ഇന്നലെ ഡൽഹിയിലെ നാല് ആശുപത്രികളിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം അധികൃതർക്ക് ലഭിച്ചിരുന്നു. ഇതനുസരിച്ച് ആശുപത്രികളിൽ പരിശോധനകൾ നടത്തിയെങ്കിലും സംശയാസ്പദമായ തരത്തിൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. ഇത് മൂന്നാം തവണയാണ് രാജ്യതലസ്ഥാനത്ത് വിവിധയിടങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം വരുന്നത്.
ഡൽഹിക്ക് പുറമെ ഉത്തർപ്രദേശ്, രാജസ്ഥാൻ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളിലും സ്‌കൂളുകളിലും ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് ഇത്തരം ഭീഷണികൾ ഗൗരവമായി കാണേണ്ടതാണെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.