ന്യൂഡൽഹി: പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് അമിത് ഷാ. പശ്ചിമ ബംഗാളിലെ സെറാംപൂരിൽ തെരഞ്ഞെടുപ്പ് റാലിയിൽ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ പാക് അധീന കശ്മീരിനെ ഇന്ത്യ തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മേഖലയിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
2019 ൽ ആർട്ടിക്കിൾ 370 പിൻവലിച്ചതോടെ കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടുവെന്നും മുൻപത്തെ അവസ്ഥ അതായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കശ്മീർ സമാധാനത്തിലേക്ക് മടങ്ങിയത് കണ്ടാണ് പാക് അധീന കശ്മീരിൽ ആസാദി മുദ്രാവാക്യങ്ങളും പ്രതിഷേധങ്ങളും ഉയർന്നതെന്നും അമിത് ഷാ പറഞ്ഞു.
“ഇൻഡി സഖ്യം ഭരിച്ചിരുന്ന കാലത്ത് കശ്മീരിൽ എന്നും സംഘർഷങ്ങളും പ്രതിഷേധങ്ങളുമായിരുന്നു. മോദി പ്രധാനമന്ത്രി ആയതിനു ശേഷമുള്ള മാറ്റം നോക്കൂ, പ്രതിഷേധങ്ങൾ ഇപ്പോൾ പാക് അധീന കശ്മീരിലാണ്. മുൻപ് ആസാദി മുദ്രാവാക്യങ്ങളും കല്ലേറ് മുതലായ അനിഷ്ട സംഭവങ്ങളും നടന്നിരുന്നത് കശ്മീരിലാണെങ്കിൽ ഇപ്പോളത് പാക് അധീന കാശ്മീരിലാണ്,” അദ്ദേഹം പറഞ്ഞു. രാഹുലും മമതയും പാകിസ്താനെ പേടിച്ച് ഇരിക്കുകയാണെങ്കിൽ അങ്ങനെയാവട്ടെ, പക്ഷെ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണ്, അത് തിരിച്ചുപിടിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
സെറാംപൂരിലെ പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാക്കളെയും അമിത് ഷാ രൂക്ഷമായി വിമർശിച്ചു. ഇൻഡി സഖ്യത്തിലെ അഴിമതിക്കാരായ നേതാക്കന്മാരും സത്യസന്ധനായ രാഷ്‌ട്രീയക്കാരൻ നരേന്ദ്രമോദിയും തമ്മിലുള്ള പോരാട്ടമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു.















