കൽപ്പാത്തി: അർദ്ധരാത്രി ക്ഷേത്ര നട തുറക്കണമെന്ന് ആവശ്യപ്പെട്ട് കൽപ്പാത്തിയിൽ ബഹളമുണ്ടാക്കിയ വിനായകനെ തടഞ്ഞത് ജാതീയ വിവേചനമെന്ന് ചിത്രീകരിക്കാൻ ശ്രമം. ഇത്തരത്തിൽ വാർത്ത നൽകിയ യൂട്യൂബ് ചാനലിന്റെ നടപടി നിരാശാനകമാണെന്ന് മെംബർ സുരേഷ് കൽപ്പാത്തി പ്രതികരിച്ചു.
“മെയ് 13ന് രാത്രി 11 മണിയോടെയാണ് വിനായകൻ എത്തുന്നത്. കൽപ്പാത്തി ജംഗ്ഷനിൽ വാഹനം നിർത്തി ഇറങ്ങി വരികയായിരുന്നു. എന്നാൽ തൊപ്പിയും ബർമൂഡയുമൊക്കെ ധരിച്ച് വന്ന വിനായകനെ പെട്ടെന്ന് നാട്ടുകാർക്ക് തിരിച്ചറിയാനായില്ല. ആരാണെന്ന് ചോദിച്ചപ്പോൾ അത് ഇഷ്ടപ്പെടാതിരുന്ന വിനായകൻ ബഹളം വയ്‌ക്കുകയായിരുന്നു. അടച്ച നട തുറന്ന് ഇപ്പോൾ തന്നെ ഭഗവാനെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് ബഹളമായപ്പോഴാണ് പൊലീസ് എത്തിയത്. പൊലീസുകാർക്ക് കാര്യം മനസിലായപ്പോൾ എല്ലാവരോടും പിരിഞ്ഞുപോകാൻ പറഞ്ഞു. പിറ്റേന്നാണ് ഒരു യൂട്യൂബ് ചാനൽ ഇതിന്റെ ദൃശ്യങ്ങൾ പങ്കുവച്ച് ജാതി വിവേചനമാണെന്ന് ആരോപിച്ചത്. ‘കൽപ്പാത്തിയിൽ വിനായകന് വിലക്കോ’ എന്ന തലക്കെട്ടോടെയായിരുന്നു വാർത്ത. വിനായകന് ഒപ്പം വന്ന ആളുകൾ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയിരുന്നത്.
ജാതിമതവർണവർഗ വ്യത്യാസമില്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഒന്നാണ് കൽപ്പാത്തി രഥോത്സവം. ഇവിടുത്തെ അഗ്രഹാരങ്ങൾ വേദവും പാരായണവും സംഗീതവുമൊക്കെയായി പോകുന്നവയാണ്. വിനായകനെ പോലൊരു സെലിബ്രിറ്റി ഇത്തരത്തിൽ പെരുമാറരുതായിരുന്നു.” അദ്ദേഹം അർദ്ധരാത്രി ഇവിടെ വന്ന സമയത്ത് മദ്യപിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കൽപ്പാത്തി ക്ഷേത്രത്തെക്കുറിച്ച് ഇത്തരത്തിൽ മോശമായ രീതിയിൽ പ്രചരണം നടത്തുന്നത് നിർഭാഗ്യകരമാണെന്നും സുഭാഷ് കൽപ്പാത്തി പ്രതികരിച്ചു.















