ഗുരുദാസ്പൂർ : അതിർത്തി കടന്നെത്തിയ 2 പാക് പൗരന്മാരെ തിരിച്ചയച്ച് ബി.എസ്.എഫ്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ പൗരൻമാരെ പാക്ക് റേഞ്ചേഴ്‌സിന് കൈമാറുകയായിരുന്നു.
പഞ്ചാബിലെ ഗുരുദാസ്പൂരിന് സമീപം ചൊവ്വാഴ്‌ച്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. അന്താരാഷ്‌ട്ര അതിർത്തിക്ക് സമീപം രണ്ട് പേരുടെ സംശയാസ്പദമായ നീക്കം നിരീക്ഷിച്ച അതിർത്തി രക്ഷാസേന അവരെ അറസ്റ്റു ചെയ്യുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ ഇരുവരും പാക് സ്വദേശികളാണെന്നും അതിർത്തി ലംഘിച്ച് എത്തിയതാണെന്നും വ്യക്തമായി. ഗുർദാസ്പൂർ ജില്ലയിലെ ഘാനിയാക്ക ബെറ്റിന് സമീപത്ത് കൂടിയാണ് ഇവർ ഇന്ത്യയിലേക്ക് കടന്നത്. ഇരുവരുടെയും കൈയ്യിൽ സംശയകരമായ വസ്തുക്കളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ അറിയിച്ചു.















