ഡെറാഡൂൺ: പ്രസിദ്ധ ചാർധാം യാത്രയ്‌ക്കെത്തുന്ന എല്ലാ തീർത്ഥാടകരും മര്യാദയും പരിശുദ്ധിയും നിലനിർത്തണമെന്ന് ഉത്തരാഖണ്ഡ് പൊലീസ്. ചാർധാം യാത്രയുടെ ഭാഗമായി രുദ്രപ്രയാഗ് പൊലീസ് ‘ഓപ്പറേഷൻ മര്യാദ’ സംഘടിപ്പിച്ചു. ധാം പരിസരത്ത് ലഹരിവസ്തുക്കളും മദ്യവും ഉപയോഗിക്കരുതെന്ന നിർദേശവും നൽകിയിട്ടുണ്ട്. പൊലീസ് നിബന്ധനകൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
തീർത്ഥാടനത്തിന്റെ പവിത്രത നിലനിർത്തുന്നതിനായി മാന്യമായി പെരുമാറണമെന്നും ധാം പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും പൊലീസ് നിർദേശിച്ചിട്ടുണ്ട്. ജില്ലാ പൊലീസിന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ മര്യാദ സജീവമായി പ്രവർത്തിക്കുകയാണ്. തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിച്ചുകൊടുക്കുകയും സുരക്ഷ ഒരുക്കുകയും ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസം കേദാർനാഥ് ധാമിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഒരു സ്ത്രീയുടെ കാലിന് പരിക്കേറ്റിരുന്നു. തുടർന്ന് ഉത്തരാഖണ്ഡ് പൊലീസും എസ്ഡിആർഎഫും ചേർന്ന് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം ഹെലിപാഡിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തീർത്ഥാടകർക്കുള്ള എല്ലാ സൗകര്യങ്ങളും പൊലീസ് സജ്ജമാക്കിയിട്ടുണ്ട്.
ഈ മാസം 10-നാണ് കേദാർനാഥ് ധാം തുറന്നത്. ഒരു ലക്ഷത്തിലധികം പേരാണ് ഇതുവരെ കേദാർനാഥ് സന്ദർശിച്ചത്. കേദാർനാഥ്, ബദരിനാഥ്. ഗംഗോത്രി, യമുനോത്രി ധാമുകളിലും വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.