കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് മെഡിക്കൽ റിപ്പോർട്ട്. കഴുത്തിലും കണ്ണിനും പരിക്കേറ്റ കുഞ്ഞ് ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് നിലവിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
രണ്ട് പേർ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. ഇതുവരെയും പൊലീസ് ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തന്നെ ഉപദ്രവിച്ചയാൾ മലയാളിയാണ്. സംഭവിച്ചത് ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്നും ഉപദ്രവിച്ചതിന് ശേഷം വീട്ടിലേക്ക് നടന്നുപോകാൻ ഇയാൾ പറഞ്ഞതായും പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
പടന്നക്കാട് ഒഴിഞ്ഞ വളപ്പിൽ ബുധനാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം. മുത്തച്ഛൻ പശുവിനെ കറക്കാൻ പോയപ്പോഴായിരുന്നു സംഭവം. വീടിനകത്ത് കയറിയ അക്രമി ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിയെടുത്ത് സ്ഥലം വിടുകയായിരുന്നു. പിന്നീട് കാതിലെ ആഭരണങ്ങൾ കവർന്ന ശേഷം വീടിന് 500 മീറ്റർ അകലെ പെൺകുട്ടിയെ ഉപേക്ഷിച്ചു. തൊട്ടടുത്ത വീട്ടിലെത്തി കോളിങ് ബെല്ലടിച്ച ശേഷം ഈ വീട്ടുകാരോട് കുട്ടി വിവരം പറയുകയായിരുന്നു. തുടർന്ന് ഇവർ കുഞ്ഞിനെ സ്വന്തം വീട്ടിലെത്തിക്കുകയായിരുന്നു.