തിരുവനന്തപുരം: ഡ്രൈവിംഗ് പരിഷ്കരണത്തിൽ മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്.
ഡ്രൈവിംഗ് സ്കൂൾ യൂണിയനുകളും ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് പരിഷ്കരണത്തിൽ വിട്ടുവീഴ്ച ചെയ്യാൻ തീരുമാനമായത്. സർക്കുലർ പിൻവലിക്കില്ലെന്നും പരിഷ്കരിച്ച നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഈ തീരുമാനത്തോടെയാണ് സമരം പിൻവലിക്കാൻ ഡ്രൈവിംഗ് സ്കൂള്‍ യൂണിയൻ സമരസമിതി തീരുമാനിച്ചത്.
ഡ്രൈവിംഗ് ടെസ്റ്റിൽ രണ്ട് വശവും ക്ലച്ചും ബ്രേക്കുമുള്ള വാഹനം ഉപയോഗിക്കാം. ടെസ്റ്റ് നടത്തുമ്പോൾ ഡാഷ് ബോർഡ് ക്യാമറ ഉണ്ടാകും. ഒരു എംവിഡി ഉള്ള സ്ഥലത്ത് പ്രതിദിനം 40 പേർക്ക് ടെസ്റ്റ് നടത്തും. രണ്ട് എംവിഡിയുള്ള സ്ഥലത്ത് 80 പേർക്കും ടെസ്റ്റ് നടത്താം. പരിശീലനത്തിന് ഏകീകൃത ഫീസ് ആയിരിക്കും. ആദ്യം എച്ച് പരീക്ഷ, പിന്നീട് ടെസ്റ്റ് എന്നിങ്ങനെയായിരിക്കും.
കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ആദ്യം 10 കേന്ദ്രങ്ങളായിരിക്കും ഉണ്ടാവുക.















