ടി 20 ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഒരു ഐസിസി ടൂർണമെൻിൽ കൂടി ഇന്ത്യയെ നയിക്കുന്ന രോഹിത് ശർമ്മ കരിയറിലുണ്ടായ ഉയർച്ച-താഴ്ചകളെക്കുറിച്ച് മനസ് തുറന്നു. ദുബായിലെ എഫ്.എം റേഡിയോ അഭിമുഖത്തിലാണ് രോഹിത് വാചാലനായത്. വിരാട് കോഹ്ലി ക്യാപ്റ്റൻ സ്‌ഥാനത്ത് നിന്ന് പുറത്തായതിന് ശേഷം പകരക്കാരനായെത്തിയ രോഹിത് ടീമിനെ മികച്ച രീതിയിലാണ് നയിക്കുന്നത്. എന്നിരുന്നാലും തന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ ഐ സി സി കിരീടങ്ങൾ ഇന്നും രോഹിത്തിന് കിട്ടാക്കനിയാണ്. ക്രിക്കറ്റിലെ തന്റെ ജൈത്രയാത്രയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ഇപ്പോൾ രോഹിത് ശർമ്മ.
ക്യാപ്റ്റനെന്ന നിലയിൽ രാജ്യത്തെ നയിക്കാൻ കഴിയുന്നതിലും വലിയ ആദരവ് ലഭിക്കാനില്ലെന്ന് പറയുകയാണ് രോഹിത് ശർമ്മ. “ഇപ്പോൾ 17 വർഷമാകുന്നു. ഇനിയും കുറച്ച് വർഷങ്ങൾ കൂടി കളിക്കാനാകുമെന്നും ലോക ക്രിക്കറ്റിൽ സ്വാധീനം ചെലുത്താനാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു”, രോഹിത് ശർമ്മ പറഞ്ഞു. ക്യാപ്റ്റനാകുന്ന ഒരു ദിവസം വരുമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. നല്ല കാര്യങ്ങൾ നല്ല ആൾക്കാർക്കെ സംഭവിക്കൂയെന്ന് ഓരോരുത്തരും പറയാറില്ലേ.
ഞാൻ ക്യാപ്റ്റന്റെ ചുമതല ഏറ്റെടുക്കുമ്പോൾ എല്ലാവരും ഒരേ ദിശയിലൂടെ സഞ്ചരിക്കണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് ടീമെന്ന നിലയിൽ കളിക്കേണ്ടത്. വ്യക്തിഗത നാഴികല്ലുകളെയോ നേട്ടങ്ങളെയോ ലക്ഷ്യങ്ങളെയോക്കുറിച്ചല്ല പറയുന്നത്. മറിച്ച് 11പേരും ഒത്തൊരുമിച്ച് ജയവും കിരീടങ്ങളും സമ്മാനിക്കുന്നതിനെക്കുറിച്ചാണ്. താൻ ജീവിതത്തിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ചും രോഹിത് വാചാലനായി. “എന്റെ ജീവിതത്തിൽ ഉയർച്ചകളേക്കാളേറെ ഞാൻ നേരിട്ടത് താഴ്ചകളാണ്. ആ താഴ്‌ച്ചകളാണ് എന്നെ ഇന്നത്തെ മനുഷ്യനാക്കിയത്”, രോഹിത് പറഞ്ഞു.















