ദുബായ്: സ്വകാര്യ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തി. ഇന്ന് പുലർച്ചെയാണ് മുഖ്യമന്ത്രി കുടുംബവുമൊത്ത് സിങ്കപ്പൂരിൽ നിന്ന് ദുബായിലെത്തിയത്. ഇന്തോനേഷ്യയും, സിംഗപ്പൂരും സന്ദർശിച്ച ശേഷമാണ് ദുബായ് സന്ദർശനം. ഇവിടെ നിന്നാണ് മന്ത്രിസഭായോഗത്തിൽ അദ്ദേഹം ഓൺലൈനായി പങ്കെടുത്തത്.
നേരത്തെ നിശ്ചയിച്ചതിലും നാലു ദിവസം മുൻപെയാണ് മുഖ്യമന്ത്രി സിംഗപ്പൂരിൽ നിന്നും ദുബായിലെത്തിയത്. ഈ മാസം 6 നായിരുന്നു വിദേശയാത്രക്കായി അദ്ദേഹം കേരളത്തിൽ നിന്ന് പുറപ്പെട്ടത്. ദുബായ് വഴിയായിരുന്നു യാത്രയെങ്കിലും ട്രാൻസിറ്റ് ആയിരുന്നതിനാൽ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയിരുന്നില്ല.
ഭാര്യ കമലയും മകൾ വീണയും ഭർത്താവ് മന്ത്രി പി.എ മുഹമ്മദ് റിയാസും മകൻ വിവേകും ചെറുമകനും വിദേശ യാത്രയിൽ ഒപ്പമുണ്ടായിരുന്നു. സ്വകാര്യയാത്രയായതിനാൽ ദുബായിലെ പരിപാടികൾ സംബന്ധിച്ച് ഔദ്യോഗികവിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.
നേരത്തെ സിംഗപ്പൂർ പര്യടനം കഴിഞ്ഞ് 19 ന് ദുബായിൽ എത്താനാണ് നിശ്ചയിച്ചിരുന്നത്. 19 മുതൽ 21 വരെ ദുബായിൽ തങ്ങിയ ശേഷം 22ന് കേരളത്തിൽ തിരിച്ചെത്തുമെന്നാണ് അറിയിച്ചിരുന്നത്. ദുബായ് ഗ്രാൻഡ് ഹയാത്തിലാണ് മുഖ്യമന്ത്രി താമസിക്കുന്നത്.













