കൊൽക്കത്ത: പാക് അധീന കശ്മീരുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള നടത്തിയ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാക് അധീന കശ്മീർ തിരിച്ച് പിടിക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, 130 കോടി ജനസംഖ്യയുള്ള ആണവശക്തിയായ ഇന്ത്യ ആരേയും ഭയക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.
ഫറൂഖ് അബ്ദുള്ളയുടെ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും അമിത് ഷാ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. രാഹുലിന്റെ സഖ്യത്തിലെ പങ്കാളിയാണ് ഫാറൂഖ് എന്നും, അതുകൊണ്ട് തന്നെ രാഹുൽ ഇത്തരം പരാമർശങ്ങളിന്മേലുള്ള വിശദീകരണം നൽകണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
” പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണ്. അത് നിഷേധിക്കാൻ ആർക്കും സാധിക്കില്ല. പാകിസ്താന്റെ കൈവശം ആറ്റംബോംബ് ഉണ്ട്, അതുകൊണ്ട് അവർക്ക് ബഹുമാനം നൽകണമെന്നും, പാക് അധീന കശ്മീരിൽ അവകാശം ഉന്നയിക്കരുതെന്നുമാണ് ഫാറൂഖ് പറയുന്നത്. എനിക്ക് അദ്ദേഹത്തോട് ഒരു കാര്യം ചോദിക്കാനുണ്ട്. 130 കോടി ജനസംഖ്യയുള്ള ആണവശക്തിയായ ഇന്ത്യ എന്തിന്റെ പേരിലാണ് ആരെയെങ്കിലും പേടിച്ച് അതിന്റെ അവകാശങ്ങൾ ഉപേക്ഷിക്കേണ്ടത്. എന്ത് തരം ചിന്തയാണത്?
രാഷ്‌ട്രീയ പങ്കാളികൾ എന്താണ് പറയുന്നത് എന്നതിൽ രാഹുൽ വിശദീകരണം നൽകണം. പാകിസ്താനെ ബഹുമാനിച്ച് പാക് അധീന കശ്മീർ വിട്ട് കൊടുക്കണമെന്നാണോ? അത് ഒരിക്കലും നടക്കാൻ പോകുന്നില്ല. പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണ്. ബിജെപി അത് ഉറച്ച് വിശ്വസിക്കുന്നു. അത് തീർച്ചയായും തിരികെ ഇന്ത്യയുടേതാക്കിയിരിക്കുമെന്നും” അമിത് ഷാ പറഞ്ഞു.















