ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരസ്യ സംവാദത്തിന് ക്ഷണിച്ച് യുവമോർച്ച. രാഹുലിന് നൽകിയ കത്തിലാണ് യുവമോർച്ച അദ്ധ്യക്ഷൻ തേജസ്വി സൂര്യ ഇക്കാര്യം വ്യക്തമാക്കിയത്. യുവമോർച്ച വൈസ് പ്രസിഡന്റ് അഭിനവ് പ്രകാശ് ആണ് രാഹുലുമായി സംവദിക്കുക. ദളിത് വിഭാഗത്തിലെ പാസി സമുദായത്തിൽ നിന്നുള്ളയാളാണ് അഭിനവ്. രാഹുൽ മത്സരിക്കാനൊരുങ്ങുന്ന റായ്ബറേലിയിൽ പട്ടികജാതി വിഭാഗത്തിലെ പ്രബലരാണ് പാസി സമുദായം. പരസ്യ സംവാദത്തിന് നരേന്ദ്രമോദി തയ്യാറാകുന്നില്ലെന്ന രാഹുലിന്റെ വാദത്തെ തള്ളിക്കൊണ്ട് നൽകിയ മറുപടി കത്തിലാണ്, തേജസ്വി സൂര്യ ഇക്കാര്യം പറയുന്നത്.
യുവജനപ്രസ്ഥാനത്തിലെ മികച്ച നേതാവാണെന്നും, സർക്കാരിന്റെ നയങ്ങളെ കുറിച്ചും, വികസന പ്രവർത്തനങ്ങളെക്കുറിച്ചും കൃത്യമായി സംസാരിക്കാൻ സാധിക്കുന്ന നേതാവാണ് അഭിനവ് എന്നും തേജസ്വി സൂര്യ ചൂണ്ടിക്കാട്ടി. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിയും ഡൽഹി യൂണിവേഴ്‌സിറ്റിയിലെ രാംജാസ് കോളേജിലെ ഇക്കണോമികസ് അസിസ്റ്റന്റ് പ്രൊഫസറുമാണ് അഭിനവ്. സാമൂഹികവും സാമ്പത്തികവും രാഷ്‌ട്രീയപരവുമായ വിഷയങ്ങളിൽ കൃത്യമായ നിലപാടുകളുള്ള അഭിനവ്, രാഹുലുമായുള്ള ചർച്ചയ്‌ക്ക് മികച്ച ഓപ്ഷൻ ആണെന്നും തേജസ്വി സൂര്യ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി രാഹുൽ ഗാന്ധി പരസ്യ സംവാദത്തിന് തയ്യാറാകണമെന്ന ആവശ്യവുമായി ജസ്റ്റിസ് മദൻ ബി ലോകൂർ(റിട്ട.), ജസ്റ്റിസ് അജിത് പി ഷാ, ഹിന്ദു ദിനപ്പത്രത്തിന്റെ മുൻ എഡിറ്റർ എൻ റാം എന്നിവർ രംഗത്തെത്തിയിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ആരോപണങ്ങളും വെല്ലുവിളികളും മാത്രമാണ് നടക്കുന്നതെന്നും, അർത്ഥവത്തായ രീതിയിലുള്ള പ്രതികരണങ്ങൾ ഉണ്ടാകാത്തതിനാൽ പൊതുജനങ്ങൾ ആശങ്കയിലാണെന്നുമാണ് ഇവർ ചൂണ്ടിക്കാട്ടിയത്. പിന്നാലെ താൻ സംവാദത്തിന് തയ്യാറാണെന്നും, എന്നാൽ പ്രധാനമന്ത്രി ഇതിന് തയ്യാറായേക്കില്ലെന്നും കാണിച്ച് ഒഴിഞ്ഞ് മാറുകയായിരുന്നു. പിന്നാലെയാണ് രാഹുലിനെ നേരിടാൻ യുവമോർച്ചയുടെ നേതാവ് തന്നെ ധാരാളമാണെന്ന നിലപാടുമായി തേജസ്വി സൂര്യ രംഗത്തെത്തിയത്.















