മുംബൈ: മുംബൈയിലെ ഘാട്‌കോപ്പർ ഏരിയയിലെ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണ് 14 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ വലിപ്പമേറിയ ഹോർഡിംഗുകൾ നീക്കം ചെയ്യാൻ ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി), സെൻട്രൽ റെയിൽവേയുടെയും പശ്ചിമ റെയിൽവേയുടെയും അധികൃതർക്ക് നോട്ടീസ് നൽകി.
2005ലെ ഡിസാസ്റ്റർ മാനേജ്‌മെൻ്റ് ആക്‌ട് സെക്ഷൻ 30 (2) (വി) പ്രകാരമാണ് നോട്ടീസ് നൽകിയത്. 40 അടിക്ക് മുകളിലുള്ള ഹോർഡിംഗുകൾ നീക്കം ചെയ്യുന്നതിനായുള്ള നോട്ടീസ് രണ്ട് സോണൽ റെയിൽവേ അധികാരികൾക്കും നൽകിയതായി ബി എം സി അറിയിക്കുകയായിരുന്നു,
തിങ്കളാഴ്‌ച വൈകുന്നേരത്തെ ശക്തമായ കാറ്റിലും മഴയിലും മുംബൈയിലെ ഘട്‌കോപ്പർ ഏരിയയിലെ ഛേദാ നഗറിലെ പെട്രോൾ പമ്പിൽ 120×120 അടി ഹോർഡിംഗ് തകർന്നു 14 പേരുടെ മരിക്കുകയും 75 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റെയിൽവേ പോലീസിന്റെ (ജിആർപി) കൈവശമുള്ള ഭൂമിയിലാണ് തകർന്ന പരസ്യബോര്‍ഡുകൾ നിലകൊള്ളുന്നതെന്ന് തിരിച്ചറിഞ്ഞിരുന്നു. ബി എം സി യുടെഅനുവാദം വാങ്ങാതെയാണ് ഇവ സ്ഥാപിച്ചതെന്നാണ് വാദം.
ഘാട്‌കോപ്പർ സംഭവത്തിന്റ പശ്ചാത്തലത്തിൽ നഗരത്തിലുടനീളമുള്ള അനധികൃതവും അപകടകരവുമായ പരസ്യബോര്‍ഡുകൾ നീക്കം ചെയ്യുന്നതിനുള്ള ഒരു അടിയന്തിര പദ്ധതി ബി എം സി ഏറ്റെടുക്കുകയായിരുന്നു.
“യുദ്ധകാലാടിസ്ഥാനത്തിൽ” അനധികൃത പരസ്യബോര്‍ഡുകൾ പൊളിക്കുന്നതിനുള്ള നീക്കം ആരംഭിച്ചതായും ഘാട്‌കോപ്പറിലെ ജിആർപിയുടെ ഭൂമിയിൽ ശേഷിക്കുന്ന മൂന്ന് പരസ്യബോര്‍ഡുകൾ പൊളിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അവകാശപ്പെട്ടു. കാറ്റിന്റെ വേഗത കൂടിയതിനാൽ മൂന്ന് പരസ്യബോര്‍ഡുകൾ പൊളിക്കുന്നതിൽ ചില പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിലും വ്യാഴാഴ്ച രാത്രിയോടെ രണ്ട് വലിയ പരസ്യബോർഡുകളും പൊളിക്കും.നഗരത്തിലെ മലാഡ് റെയിൽവേ സ്റ്റേഷന് പുറത്തുള്ള ഒരു ബേക്കറിയുടെ കൂറ്റൻ ബോർഡ് ഇതിനകം നീക്കം ചെയ്തതായി ബി എം സി അധികൃതർ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് വലിയ പരസ്യബോർഡുകൾക്കെതിരെ പരാതി നൽകിയത്.















