തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലൊ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കൻ കേരളത്തിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
കാലവർഷം ഉടൻ ആരംഭിക്കുമെന്നും ഞായറാഴ്ച വരെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ശ്രീലങ്കയ്‌ക്കും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീന ഫലത്താലാണ് ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളത്. ഞായറാഴ്ചയും ചില ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മെയ് 31-ന് കാലവർഷം എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു.















