ഇസ്ലാമബാദ്: ഭാരതത്തിന്റെ നേട്ടങ്ങളെ പുകഴ്‌ത്തി പാകിസ്താൻ പാർലമെന്റ് അംഗം സയ്യിദ് മുസ്തഫ കമാൽ. ഇന്ത്യ ചന്ദ്രനിലിറങ്ങുമ്പോൾ കറാച്ചിയിലെ നമ്മുടെ കുട്ടികൾ റോഡിലെ കുഴിയിൽ വീണ് മരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കറാച്ചിയിലെ അവസ്ഥ വളരെ പരിതാപകരമാണെന്ന് വ്യക്തമാക്കുന്ന വാക്കുകളാണ് സയ്യിദ് മുസ്തഫയുടേത്. കഴിഞ്ഞ ദിവസം പാർലമെന്റിൽ നടന്ന സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കറാച്ചിയിൽ ശുദ്ധജലം ലഭിക്കുന്നില്ല. ഇവിടെയുള്ള 70 ലക്ഷം കുട്ടികൾക്കും പാകിസ്താനിലെ 2.6 കോടി കുട്ടികൾക്കും സ്കൂളിൽ പോകാൻ സാധിക്കുന്നില്ല. അവർക്ക് വിദ്യാഭ്യാസം നഷ്ടമാകുന്നു. പാകിസ്താന്റെ വരുമാന സ്രോതസ്സായിരുന്നു കറാച്ചി. എന്നാൽ ഇത് അത് തകിടം മറിഞ്ഞു. കറാച്ചിയിൽ 48,000 സ്കൂളുകളുണ്ട്. എന്നാൽ അതിൽ 11,000ത്തിലധികം സ്‌കൂളുകളും സ്കൂളുകളും ശൂന്യമാണ്. സിന്ധിലെ 70 ലക്ഷം കുട്ടികൾ സ്കൂളിൽ പോകുന്നില്ല. രാജ്യത്തുള്ള ഭൂരിഭാഗം വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസമില്ലെന്നും മുത്താഹിദ ഖ്വമി മൂവ്മെന്റ് പാകിസ്താൻ പാർട്ടി അംഗമായ സയ്യിദ് മുസ്തഫ കമാൽ പറഞ്ഞു.
പാക് അധീന കശ്മീരിൽ സർക്കാരിനെതിരെ വലിയ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് ഇന്ത്യയുടെ നേട്ടങ്ങളെ പരാമർശിച്ചുകൊണ്ടുള്ള പാകിസ്താൻ പാർലമെന്റ് അംഗത്തിന്റെ പ്രസംഗം. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഭാരതം അഭിമാനകരമായ ചന്ദ്രയാൻ -3 വിക്ഷേപിച്ചത്. ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയ ലോകത്തിലെ ആദ്യത്തെ രാജ്യമായി ഇന്ത്യ മാറുകയും ചെയ്തു. 1,752 കിലോഗ്രാം ഭാരമുള്ള ലാൻഡർ സെക്കൻഡിൽ ഏകദേശം രണ്ട് മീറ്റർ വേഗതയിലാണ് സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്.