കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ. കയ്യുടെ ശസ്ത്രക്രിയക്കെത്തിയ നാലുവയസുകാരിയുടെ നാവിനാണ് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായനാല് വയസുകാരിക്കാണ് അവയവം മാറി ശസ്ത്രക്രിയ നടത്തിയത്.
കയ്യിലെ ആറാം വിരൽ നീക്കാനെത്തിയ കുട്ടിയുടെ നാവിന് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയത്. അബദ്ധം പറ്റിയെന്ന് മനസിലായതിന് പിന്നാലെ ഡോക്ടർ മാപ്പ് പറഞ്ഞുവെന്നാണ് കുട്ടിയുടെ കുടുംബം പറയുന്നത്. പിന്നീട് മറ്റൊരു ശസ്ത്രക്രിയ നടത്തിയാണ് കുട്ടിയുടെ കയ്യിലെ ആറാമത്തെ വിരൽ നീക്കം ചെയ്തത്. കുട്ടിയെ ശസ്ത്രക്രിയക്കായി കൊണ്ടുപോകുമ്പോള്‍ കൂടെ മറ്റാരും ഇല്ലായിരുന്നെന്നാണ് വീട്ടുകാർ പറയുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം വായിൽ പഞ്ഞി തിരുകിയത് ശ്രദ്ധിച്ചപ്പോഴാണ് വീട്ടുകാർ കാര്യം ശ്രദ്ധിച്ചത്.
എന്നാൽ, കുട്ടിയുടെ നാവിനും തടസ്സം ഉണ്ടായിരുന്നതായാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ വിശദീകരണം. ഇത് നേരത്തെ പരിശോധിച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ല. രണ്ട് ശസ്ത്രക്രിയകൾ ഒരുമിച്ച് നടത്തിയത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും വ്യക്തമാക്കി.















