പഴയകാല ചിത്രങ്ങളുടെ റി-റിലീസാണ് ഇപ്പോഴത്തെ ട്രെൻഡ്. ഒരു കാലത്ത് കഥ കൊണ്ടും ഗാനങ്ങൾ കൊണ്ടും മലയാള സിനിമാ മേഖലയെ സുന്ദരമാക്കിയ ചിത്രങ്ങളാണ് റി-റിലീസിലൂടെ പ്രേക്ഷകർക്ക് മുന്നിൽ വീണ്ടുമെത്തുന്നത്. പഴയ ചിത്രങ്ങൾ ബിഗ്സ്ക്രീനിൽ കാണുന്നതിന് ഇന്നത്തെ തലമുറയ്‌ക്ക് അവസരം നൽകുന്നത് കൂടിയാണ് റി-റിലീസുകൾ. വിജയ് നായകനായ ഗില്ലിയുടെ റി- റിലീസ് ഏറെ ശ്രദ്ധേയമായിരുന്നു. അത്തരത്തിൽ വീണ്ടും ഹിറ്റാകാൻ എത്തുകയാണ് ദേവാസുരം, ഒരു വടക്കൻ വീരഗാഥ, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങൾ. ഫോർ കെ സ്ക്രീനിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്.
മലയാളത്തിന്റെ അഭിമാന താരം മോഹൻലാലിനെ നായകനാക്കി ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണ് ദേവാസുരം. മലയാളം കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നാണ് രഞ്ജിത്തിന്റെ തിരക്കഥയിലൊരുങ്ങിയ ചിത്രം. എം.ജി രാധാകൃഷ്ണൻ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റി-റിലീസ് സംബന്ധിച്ച വാർത്തകൾ പുറത്ത് വരുമ്പോൾ സന്തോഷത്തിലാണ് മലയാളി പ്രേക്ഷകർ.
പ്രേക്ഷകർ ഒരിക്കലും മറക്കാത്ത കഥാപാത്രമാണ് ഒരു വടക്കൻ വീരഗാഥയിലെ ചന്തു ചേകവർ. ചിത്രത്തിലെ ഓരോ രംഗങ്ങളും മമ്മൂട്ടി അവിസ്മരണീയമാക്കി തീർത്തിരുന്നു. വടക്കൻ പാട്ടുകളെ ആസ്പദമാക്കി എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ചിത്രമാണ് ഒരു വടക്കൻ വീരഗാഥ. ചിത്രത്തിന്റെ ഗാനങ്ങളും മലയാളികൾ എന്നും ഓർക്കുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ട്.
സുരേഷ് ഗോപി, മോഹൻലാൽ, ശോഭന എന്നിവർ മുഖ്യ കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് മണിച്ചിത്രത്താഴ്. ഒരു കൂട്ടം കലാപ്രതിഭകൾ ഒന്നിച്ചുകൂടിയ ഒരു കലാസംഗമം തന്നെയായിരുന്നു ചിത്രം. ടെലിവിഷനിൽ വരുമ്പോഴെല്ലാം പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന ചിത്രമാണിത്. ഫാസിൽ സംവിധാനം ചെയ്ത് ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. നാഗവല്ലിയും സണ്ണിയും ശങ്കരൻ തമ്പിയുമൊക്കെ മലയാളികളുടെ മനസിൽ എന്നും നിറഞ്ഞുനിൽക്കുന്ന കഥാപാത്രങ്ങളാണ്.