ന്യൂഡൽഹി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് ബൈഭവ് കുമാറിന് ദേശീയ വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു. സമൂഹമാദ്ധ്യമ പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. നാളെ രാവിലെ 11 മണിയ്‌ക്ക് ഹാജരാകാനാണ് നിർദേശിച്ചിരിക്കുന്നത്.
ദേശീയ വനിതാ കമ്മീഷന് മുമ്പാകെ ഹാജരായില്ലെങ്കിൽ ബൈഭവ് കുമാറിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കമ്മീഷൻ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബൈഭവ് കുമാർ തന്നെ ആക്രമിച്ചെന്ന് കാണിച്ച് ഡൽഹി വനിതാ കമ്മീഷൻ മുൻ മേധാവി സ്വാതി മാലിവാൾ പൊലീസിനെ സമീപിച്ചത്. കെജ്‌രിവാളിന്റെ വസതിയിൽ വച്ചാണ് ആക്രമണമുണ്ടായതെന്ന് സ്വാതി മാലിവാൾ വെളിപ്പെടുത്തിയിരുന്നു. ആക്രമണം നടന്നതായി എഎപി നേതാക്കളും സ്ഥിരീകരിച്ചിരുന്നു. എന്നാൽ സംഭവത്തിൽ എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാത്ത സാഹചര്യത്തിലാണ് ദേശീയ വനിതാ കമ്മീഷന്റെ ഇടപെടൽ.
പാർട്ടി വനിതാ എംപി ഗുരുതര ആരോപണം ഉന്നയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ കുറ്റവാളിയെ സംരക്ഷിക്കുന്ന സമീപനമാണ് കെജ്‌രിവാൾ സ്വീകരിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തിയിരുന്നു.















