കോഴിക്കോട്: കയ്യിലെ ആറാം വിരൽ നീക്കം ചെയ്യാനെത്തിയ നാല് വയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് കുടുംബം. ഇത്തരം ഒരു ദുരനുഭവം ഒരു കുട്ടിക്കും സംഭവിക്കരുതെന്നും ഗുരുതര ചികിത്സാപിഴവാണ് ഡോക്ടറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും നാല് വയസുകാരിയുടെ പിതാവ് പറഞ്ഞു.
ഭാവിയിൽ കുട്ടിക്ക് മറ്റെന്തിങ്കിലും പ്രശ്‌നങ്ങൾ നേരിട്ടാൽ പൂർണ ഉത്തരവാദിത്വം ഡോക്ടർ ഏൽക്കണമെന്നും പരാതിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും കുടുംബം വ്യക്തമാക്കി. ഒരേ പേരുള്ള രണ്ട് കുട്ടികളുടെ ശസ്ത്രക്രിയകൾ ഒരു ദിവസം തന്നെ വന്നതാണ് പിഴവ് സംഭവിക്കാൻ കാരണമായതെന്നാണ് ഡോക്ടറിന്റെ വാദം. എന്നാൽ ഡോക്ടർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്നും സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
കയ്യിലെ ആറാമത്തെ വിരൽ നീക്കം ചെയ്യാനെത്തിയ കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ നാല് വയസുകാരിക്കാണ് നാവിൽ ശസ്ത്രക്രിയ ചെയ്തു നൽകിയത്. ശസ്ത്രക്രിയ കഴിഞ്ഞ് പുറത്തെത്തിച്ച കുഞ്ഞിന്റെ വായിൽ പറഞ്ഞി തിരുകി കണ്ടതോടെയാണ് നാവിലാണ് ശസ്ത്രക്രിയ നടത്തിയതെന്ന് കുടുംബത്തിന് മനസിലായത്. ഇതോടെ ഇവർ ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഡോക്ടർമാർക്ക് സംഭവിച്ച അബദ്ധം മനസിലായതോടെ ഇവർ കുടുംബത്തോട് മാപ്പ് പറഞ്ഞ് കുട്ടിയുടെ വിരൽ നീക്കം ചെയ്യുകയും ചെയ്തു. രണ്ട് ശസ്ത്രക്രിയകൾ ഒരുമിച്ച് നടത്തിയതിലും അന്വേഷണം നടത്തണമെന്നും നാല് വയസുകാരിയുടെ കുടുംബം ആവശ്യപ്പെട്ടു.